സ്ത്രീകൾ വിവാഹം കഴിക്കാത്തത് പലപ്പോഴും സമൂഹത്തിന്റെ മൊത്തം പ്രശ്നമായി മാറാറുണ്ട്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും എന്നുവേണ്ട ഒരു പരിചയവും ഇല്ലാത്തവർ പോലും വിവാഹിതയാവാത്തതെന്താ എന്ന് ചോദിച്ചു കളയാറുണ്ട്. അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഏതോ ഒരു കാബ് ഡ്രൈവർ പോലും തന്നോട് പെൺകുട്ടികൾ നേരത്തെ വിവാഹം ചെയ്യേണ്ടുന്നതിനെ കുറിച്ച് സംസാരിച്ചു എന്നാണ് യുവതി പറയുന്നത്. താൻ അയാളെ അവഗണിച്ചുവെങ്കിലും അയാൾ ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
എന്തുകൊണ്ടാണ് പെൺകുട്ടികൾ 19 -ാ മത്തെ വയസാവുമ്പോഴേക്കും വിവാഹിതരാവേണ്ടത് എന്നാണ് ഇയാൾ പറഞ്ഞു കൊണ്ടിരുന്നത്. യുവതിയും വിവാഹപ്രായത്തിലെത്തി എന്നും ഇയാൾ പറഞ്ഞു എന്നും പോസ്റ്റിൽ പറയുന്നു.
സാധാരണ താൻ കാബിൽ യാത്ര ചെയ്യുമ്പോൾ പാട്ട് കേട്ടുകൊണ്ടിരിക്കാറാണ്. എന്നാൽ, ഈ ഡ്രൈവർ തുടർച്ചയായി സംസാരിച്ചു കൊണ്ടേയിരുന്നു. മാത്രമല്ല, സ്വകാര്യജീവിതത്തിലെ കാര്യങ്ങളും ചോദിച്ചു. ഒരു ഘട്ടത്തിൽ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നായി ചോദ്യം.
18/19 വയസ്സിൽ പെൺകുട്ടികൾ വിവാഹിതരാവേണ്ടതുണ്ട്. തന്നെക്കണ്ടാൽ വിവാഹപ്രായമെത്തി എന്ന് അറിയാം എന്നും ഡ്രൈവർ പറഞ്ഞെന്നും യുവതി പറയുന്നു. എങ്ങനെയാണ് അപരിചിതനായ ഒരാൾക്ക് പോലും ഇത്തരം ഉപദേശങ്ങൾ തരുന്നത് ആശ്വാസകരമാകുന്നത് എന്നാണ് യുവതിയുടെ സംശയം.