പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടീം കുക്ക്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്കും സീനിയർ വൈസ് പ്രസിഡന്റ് ഡിയഡ്ര ഒബ്രിയനും. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ടിം കുക്ക് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളാണ് ട്വീറ്റ് ചെയ്തത്.
ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ട്വീറ്റാരംഭിക്കുന്നത്. രാജ്യത്തിന്റെ ഭാവിയിൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മികച്ച സ്വാധീനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗവും ഡെവലപ്പർമാരും മുതൽ നിർമ്മാണവും പരിസ്ഥിതിയും വരെ, രാജ്യത്തുടനീളം വളരുന്നതിനും നിക്ഷേപിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ടിം കുക്ക് ട്വീറ്റ് ചെയ്തു.ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക്നോളജി ബ്രാൻഡാണ് ആപ്പിൾ. കമ്പനി നേരിട്ടു നടത്തുന്ന രാജ്യത്തെ ആദ്യ ചില്ലറ വിൽപനശാല ബാന്ദ്ര കുർള കോംപ്ലക്സിലെ മാളിലാണ് തുറന്നത്. സ്റ്റോറിന്റെ ലോഗോയിൽ ‘കാലി പീലി’ ടാക്സി ആർട്ട് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചൈനക്ക് പകരം ഇന്ത്യയെ തങ്ങളുടെ പ്രധാനപ്പെട്ട ഉല്പാദന കേന്ദ്രമാക്കാൻ ആപ്പിൾ ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. രാജ്യത്ത് മുംബൈയിലും ദില്ലിയിലുമായാണ് ആപ്പിൾ സ്റ്റോറാരംഭിക്കുന്നത്. ദില്ലിയിലെ സ്റ്റോർ 8,417.83 ചതുരശ്ര അടിയും മുംബൈ സ്റ്റോർ 20,000 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ളതാണ് , ആപ്പിൾ ഒരേ വാടക തുകയാണ് രണ്ടിനും നൽകുന്നത്. ദില്ലിയിലെ സെലക്ട് സിറ്റി വാക്ക് മാളിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ദില്ലി സ്റ്റോറിന്റെ വാടക കരാർ 2022 ജൂലൈ 18 ന് സെലക്ട് ഇൻഫ്രായും ആപ്പിൾ ഇന്ത്യയും തമ്മിൽ 10 വർഷത്തേക്കാണ് ഒപ്പുവെച്ചിരിക്കുന്നത്. ആദ്യ സ്റ്റോറിന്റെ പേര് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആപ്പിൾ ബികെസി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ സ്റ്റോർ ദില്ലിയിൽ ഇന്ന് തുറക്കും. ന്യൂയോർക്ക്, ദുബൈ, ലണ്ടൻ, ടോക്യോ ഉൾപ്പെടെ ലോകത്തിലെ പ്രധാന നഗരങ്ങളിൽ നിലവിൽ ആപ്പിളിന് 500ലധികം റീട്ടെയിൽ സ്റ്റോറുകളുണ്ട്.