മെൽബൺ: ഓസ്ട്രേലിയയിൽ തുടരെ തുടരെ നടക്കുന്ന ജൂത വിരുദ്ധ നടപടികൾ തടയാൻ സർക്കാർ നിയമനടപടികൾ ശക്തമാക്കുന്നു. രാജ്യത്ത് ജൂത വിരുദ്ധ അക്രമണത്തിന് വിദേശ ഫണ്ടിങ്ങുണ്ടെന്ന സർക്കാർ വാദത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പരസ്യമായി പുറത്തുവിടാനാകില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. ഈ ഘട്ടത്തിൽ പരസ്യമായി അഭിപ്രായം പറയുന്നത് തെറ്റു ചെയ്തവരെ കുറിച്ച് സൂചന നൽകുമെന്നതിനാലാണ് വിവരങ്ങൾ പുറത്തുവിടാത്തതെന്ന് അദേഹം പറഞ്ഞു.
സമീപകാലത്ത് നടന്ന ജൂത അക്രമങ്ങൾക്ക് വിദേശ സഹായം ലഭ്യമായോയെന്നും അക്രമങ്ങൾ ആസൂത്രണം ചെയ്യാൻ യുവാക്കൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് വ്യക്തമാക്കി.
എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഫെഡറൽ പൊലീസ് വിഷയത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണെന്നും പൊതുജനങ്ങൾക്ക് കൂടുതൽ അറിയാൻ അധികാരമുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി സിഡ്നിയിൽ ജൂത ദേവാലയ കേന്ദ്രത്തിന് സമീപമുള്ള ചൈൽഡ് കെയർ സെന്ററിന് നേരെ അതിക്രമമുണ്ടായിരുന്നു. ജൂത വിരുദ്ധ ചുമരെഴുത്തും തീവയ്പ്പുമാണ് ഉണ്ടായത്. ഇത്തരം അക്രമങ്ങളെ കുറിച്ച് നടത്തുന്ന അന്വേഷണം വിപുലപ്പെടുത്തുമെന്ന് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞിരുന്നു.