ഓസ്ട്രേലിയ : കെമാർട്ട്, ടാർഗെറ്റ് സ്റ്റോറുകളിൽ വിറ്റഴിക്കപ്പെട്ടിരുന്ന അങ്കോ ഗ്ലാസ് ഫ്ലിപ്പ് പിക്കിൾ ജാർ (Anko glass flip pickle jar) അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിൻവലിച്ചു.ഓൺലൈനിൽ വൈറലായ ഈ അച്ചാർ സൂക്ഷിക്കുന്ന ജാർ, ചില ഉപഭോക്താക്കൾക്ക് പരിക്കേറ്റതിനെ തുടർന്നാണ് പിൻവലിച്ചത്.
കെമാർട്ട്, ടാർഗെറ്റ് എന്നിവയിലൂടെ വിറ്റഴിക്കപ്പെട്ടിരുന്ന അങ്കോ ഗ്ലാസ് ഫ്ലിപ്പ് പിക്കിൾ ജാറിൽ അച്ചാറുകൾ, ഒലിവുകൾ, മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവ സൂക്ഷിക്കാനും, ഉടമയ്ക്ക് കഴിക്കണമെന്നുണ്ടെങ്കിൽ ദ്രാവകം രണ്ടാമത്തെ അറയിലേക്ക് ഒഴുകിപ്പോകാനും സാധിക്കുന്ന രീതിയിലുള്ളതായിരുന്നു. എന്നാൽ, ചില പഴങ്ങളും പച്ചക്കറികളും ദ്രാവകത്തിൽ സൂക്ഷിക്കുമ്പോൾ ഈ ഉൽപ്പന്നം പൊട്ടാൻ സാധ്യതയുണ്ടെന്ന് പ്രൊഡക്റ്റ് സേഫ്റ്റി ഓസ്ട്രേലിയയുടെ (Product Safety Australia) റീകോൾ നോട്ടീസിൽ പറയുന്നു.
ഈ ഉൽപ്പന്നത്തിൽ പുളിപ്പിച്ച ഭക്ഷണം സൂക്ഷിക്കുമ്പോൾ വാതകം അടിഞ്ഞുകൂടുകയും ജാർ പൊട്ടിത്തെറിക്കുകയോ അല്ലെങ്കിൽ അടപ്പ് നീക്കം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യാം.ഇത്തരം സാഹചര്യങ്ങളിൽ മുറിവുകളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ഇതിനോടകം തന്നെ ചിലർക്ക് പരിക്കേറ്റതായും PSA സ്ഥിരീകരിച്ചു.