ചെന്നൈ: തമിഴിലെ ഇപ്പോഴത്തെ ഏറ്റവും തിരക്കേറിയ രണ്ട് സംഗീത സംവിധായകരാണ് അനിരുദ്ധും യുവാന്‍ ശങ്കര്‍രാജയും. ഇരുവരും ഒന്നിക്കുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ‘അടിയാത്തി’ എന്ന ഗാനത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത് അനിരുദ്ധും, യുവാനും തന്നെയാണ്. യുവാന്‍ സംഗീതം നല്കിയ ഗാനം, പരംപൊരുള്‍ എന്ന ചിത്രത്തിന്റെ പ്രമോ സോംഗാണ്.
അരവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത് കുമാറും, അമിതാസുമാണ് നായകന്മാര്. പോര് തൊഴില്‍ എന്ന ത്രില്ലറിന്റെ വന്‍ വിജയത്തിന് ശേഷം ശരത് കുമാര്‍ നായകനാകുന്ന ചിത്രമാണ് പരം പൊരുള്‍. കഴിഞ്ഞ ദിവസം ഇറങ്ങിയ ഗാനം വണ്‍ മില്ല്യണിലേക്ക് കുതിക്കുകയാണ്.
ഒരു ട്രാഫിക്ക് ബ്ലോക്കില്‍ അനിരുദ്ധും യുവാനും ചേര്‍ന്ന് ഗാനം പാടുന്ന രീതിയിലാണ് ചിത്രീകരണം. ശരത് കുമാറും, അമിതാസും ഈ ഗാന രംഗത്തില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട്. കവി ക്രിയേഷനാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പരം പൊരുള്‍ നിര്‍മ്മിക്കുന്നത്. സ്നേഹനാണ് പ്രമോ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.
തമിഴില്‍ മാത്രമല്ല പാന്‍ ഇന്ത്യ തലത്തില്‍ വളരുന്ന സംഗീത സംവിധായകനായി വരുകയാണ് അനിരുദ്ധ്. അനിരുദ്ധ് സംഗീതം നല്കിയ ജയിലര്‍ അടുത്ത ദിവസം റിലീസാകാന്‍ ഇരിക്കുകയാണ്. രജനികാന്ത് ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങള്‍ എല്ലാം വൈറലാണ്. ഇതിന് പുറമേ ജവാന് എന്ന ഷാരൂഖ് ഖാന് ചിത്രത്തിലും അനിരുദ്ധ് സംഗീതം നല്‍കുന്നുണ്ട്.