തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ജയിലര്‍. രജനികാന്തിന്റെ താരമൂല്യത്തെ പുതുകാലത്തിന് ഇണങ്ങുംവിധം അവതരിപ്പിച്ച ചിത്രത്തില്‍ അനിരുദ്ധിന്റെ സംഗീതവും മോഹന്‍ലാല്‍, ശിവ രാജ്കുമാര് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും പ്രതിനായകനായുള്ള വിനായകന്റെ പ്രകടനവുമൊക്കെ മാറ്റുകൂട്ടി. ഒപ്പം നെല്‍സന്റെ സംവിധാനമികവും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 600 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം നേടിയ വന്‍ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഈ ദിവസങ്ങളില്‍. രജനികാന്തിനും നെല്‍സണും സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന് നേരത്തെ ചെക്കുകള്‍ കൈമാറിയിരുന്നു. ഒപ്പം ആഡംബര കാറുകളും. ഇപ്പോഴിതാ സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറിനും സമ്മാനം നല്‍കിയിരിക്കുകയാണ് സണ്‍ പിക്ചേഴ്സ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രജനിക്കും നെല്സണുമുള്ള സമ്മാനങ്ങള്‍ സണ്‍ പിക്ചേഴ്സ് കൈമാറിയത്. എന്നാല്‍ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അനിരുദ്ധ് രവിചന്ദറിന് നിര്‍മ്മാതാക്കള്‍ ഒരു നന്ദി പോലും പറയുന്നില്ല എന്നത് സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകരില്‍ ചിലര്‍ വിമര്‍ശനമായി ഉയര്‍ത്തിയിരുന്നു. നേരത്തെ വിക്രം വിജയിച്ച സമയത്ത് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന് സംവിധായകന് ലോകേഷിനും അതിഥിതാരമായി എത്തിയ സൂര്യയ്ക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവിടെയും അനിരുദ്ധ് ഒഴിവാക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ വിമര്‍ശനങ്ങള്‍. എന്നാല്‍ രജനിക്കും നെല്‍സണും നല്കിയതുപോലെ ചെക്കും ആഡംബര കാറും സമ്മാനമായി നല്‍കിയിരിക്കുകയാണ് സണ്‍ പിക്ചേഴ്സ്.
രജനിക്കും നെല്‍സണും നല്കിയതുപോലെ ഇഷ്ട കാര്‍ തെരഞ്ഞെടുക്കാന്‍ മൂന്ന് ഓപ്ഷനുകള്‍ അനിരുദ്ധിനും ലഭിച്ചു. ബിഎംഡബ്ല്യുവിന്റെ രണ്ട് കാറുകളും പോര്‍ഷെയുടെ ഒന്നും. ഇതില്‍ പോര്‍ഷെയാണ് അനിരുദ്ധ് തെരഞ്ഞെടുത്തത്. ഒന്നര കോടിയാണ് ഇതിന്റെ വില. പോര്‍ഷെയുടെ മക്കാന് എസ് എന്ന മോഡലായിരുന്നു നെല്‍സണ്‍ തെരഞ്ഞെടുത്തത്. 1.44 കോടിയാണ് ഇതിന്റെ വില. രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്.