പാരീസ് : ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ 17കാരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ശക്തമായി തുടരുന്നു.
പ്രതിഷേധങ്ങള്‍ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചതോടെ 40,000 പൊലീസുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിന്ന്യസിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 180ലേറെ പേര് അറസ്റ്റിലായി. ചൊവ്വാഴ്ചയാണ് പാരീസിലെ നാന്റെരെയില്‍ ട്രാഫിക് നിയമലംഘനം നടത്തിയെന്നാരോപിച്ച് നഹേല്‍ ( 17 ) എന്ന ഡെലിവറി ഡ്രൈവറുടെ കാര്‍ രണ്ട് പൊലീസുകാര്‍ തടഞ്ഞുനിറുത്തിയത്. കാറിലുണ്ടായിരുന്ന നഹേലിന് നേരെ പൊലീസുകാരില്‍ ഒരാള്‍ തോക്ക് ചൂണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതിനിടെ നഹേല്‍ കാര്‍ മുന്നോട്ടെടുത്തതോടെ പൊലീസുകാരൻ കാറിന് നേരെ വെടിവച്ചു. വെടിയേറ്റ നഹേല്‍ തത്ക്ഷണം മരിച്ചു. ഉത്തരവാദിയായ പൊലീസുകാരൻ നിലവില്‍ നരഹത്യകേസില്‍ കസ്റ്റഡിയിലാണ്. നഹേലിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്.
170 പൊലീസുകാര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. തെരുവില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ നീതീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡസൻകണക്കിന് കാറുകളും ബസ് ഷെല്‍ട്ടറുകളുമാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. നിരവധി പൊതുകെട്ടിടങ്ങളും ആക്രമിക്കപ്പെട്ടു. പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ കരിമരുന്നുകള്‍ എറിഞ്ഞു. ഫ്രഞ്ച് – അള്‍ജീരിയൻ വംശജനായ നഹേലിന്റെ മാതാവും പ്രതിഷേധങ്ങളുടെ ഭാഗമായി.