കൊച്ചി: കൊച്ചിയിൽ ലഹരി മരുന്നുകുളുമായി 22കാരി ഉൾപ്പെടെ 6 പേർ ഇന്നലെ അറസ്റ്റിലായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുള്ള യുവ മോഡലാണ് അറസ്റ്റിലായ അൽക്ക ബോണി. അന്തർ സംസ്ഥാന ലഹരി റാക്കറ്റിലെ കണ്ണികളാണ് അൽക്കയും പിടിയിലായ മറ്റ് യുവാക്കളും എന്ന് വ്യക്തമായിട്ടുണ്ട്. സംഘത്തിലെ പ്രധാനികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
വരാപ്പുഴ സ്വദേശിയായ 22 കാരി അൽക്ക ബോണി. കൊച്ചിയിലെ പ്രമുഖ യുവ മോഡലുകളിൽ ഒരാൾ. ഇൻസ്റ്റഗ്രാമിലടക്കം ചിത്രങ്ങൾക്കും റീലുകൾക്കും നിറയെ കാഴ്ച്ചക്കാർ. ഇതേ അൽക്കയെയാണ് ഇന്നലെ കൊച്ചി നഗരമധ്യത്തിലെ ലോഡ്ജ് മുറിയിൽ നിന്ന് ആൺ സുഹൃത്തുക്കൾക്കൊപ്പം പിടിയിലായത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് ഇവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത്.
തൊടുപുഴ സ്വദേശി ആഷിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ് , രഞ്ജിത്ത്, മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബിൽ ലൈജു എന്നിവരും അൽക്ക ബോണിക്കൊപ്പം പിടിയിലായി. ആര്‍ഭാട ജീവിതം നയിക്കാനാണ് ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇൻസ്റ്റഗ്രാം സൗഹൃദങ്ങൾ വഴിയായിരുന്നു പ്രധാനമായും ലഹരി വിൽപ്പന നടത്തിയിരുന്നത്.
ഒരു ദിവസം മാത്രം ചുരുങ്ങിയത് പതിനയ്യായിരം രൂപയുടെ ലഹരിമരുന്ന് വിതരണം ചെയ്തിരുന്നു. കൊക്കെയ്ൻ ഉൾപ്പെടെ എത്തിച്ചിരുന്നത് ബെംഗളൂരുവിൽ നിന്നായിരുന്നു. എളമക്കരയില്‍ പിടിയിലായ സംഘത്തെ നിയന്ത്രിച്ചിരുന്നത് അജിത്ത്, മിഥുന് മാധവ് എന്നിവരാണ്. പൊലീസ് എത്തുന്നതിന് മുന്‍പ് രണ്ട് പേരും മുങ്ങി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.