ദില്ലി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂർ സന്ദർശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂൺ 1നാണ് അമിത് ഷാ മടങ്ങുക.
അതേസമയം മണിപ്പൂർ കലാപത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. മല്ലികാർജ്ജുൻ ഖർഗെ യുടെ നേതൃത്വത്തിലുള്ള സംഘം നാളെ രാഷ്ട്രപതിയെ കാണും. കേന്ദ്ര സർക്കാർ കാഴ്ചക്കാരായി മാറിയെന്നാണ് ഉയരുന്ന പരാതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.