ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാൻ ഗോത്ര വിഭാഗങ്ങള്‍ക്ക് വാഗ്ദാനവുമായി അമിത് ഷാ. പുനരധിവാസം ഉള്‍പ്പടെയുള്ള ഉറപ്പുകളാണ് അമിത് ഷാ നല്‍കിയത്.
സംഘര്‍ഷം നടന്ന മോറെ ഉള്‍പ്പടെയുള്ള മേഖലകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും.
കലാപം രൂക്ഷമായി ബാധിച്ച ഗോത്ര വിഭാഗങ്ങളുടെ ഗ്രാമങ്ങള്‍ക്ക് മതിയായ സഹായം നല്‍കാമെന്ന ഉറപ്പാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയത്. അടുത്ത 15 ദിവസം അക്രമ സംഭവങ്ങള്‍ ഉണ്ടാകാതെ സമാധാനം നിലനിര്‍ത്താൻ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ആഭ്യന്തര മന്ത്രി ഗോത്ര വര്‍ഗ പ്രതിനിധികള്‍ക്ക് മുൻപില് വെച്ചത്. സംസ്ഥാന സര്‍ക്കാരില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്നും നേതാക്കള്‍ മറുപടി നല്കി.
സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഒരു ജുഡീഷ്യല്‍ ഇൻജുറി കമ്മീഷൻ രൂപീകരിക്കുമെന്നും കേസുകള്‍ സംസ്ഥാന ഏജൻസികളെ ഒഴിവാക്കി സിബിഐ അന്വേഷിക്കുമെന്നും അമിത് ഷാ ഉറപ്പ് നല്കി. കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നേരിട്ട് എത്തിക്കുമെന്നതും ജൂണിലും ജൂലൈയിലും മൂന്ന് ദിവസം വീതം മണിപ്പൂരില്‍ സന്ദര്‍ശിക്കാമെന്നതും ആഭ്യന്തര മന്ത്രി കുകി വിഭാഗത്തിന് നല്കിയ ഉറപ്പാണ്. മരിച്ചവരുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ മണിപ്പൂരിലെ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കില്‍ നേടിയ മെഡലുകള്‍ തിരികെ നല്‍കുമെന്ന് മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ അമിത് ഷായ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.