കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രാലയം പുറത്തിറക്കിയ പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമം ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് മുമ്ബില്‍ വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്.
ജൂലൈ 16ന് നടപ്പിലാക്കിയ പുതിയ നിയമ പ്രകാരം അമേരിക്കയിലെ എച്ച് 1ബി വിസയുള്ള പ്രവാസികള്‍ക്ക് കാനഡയില്‍ താമസിച്ച് ജോലി ചെയ്യാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. കാനഡക്കും യു.എസിനും ഇടയില്‍ പ്രത്യേകിച്ച് ഹൈടെക് വ്യവസായങ്ങളില്‍ തൊഴില്‍ മാറ്റം വര്‍ധിപ്പിക്കുന്നതിനാണ് പുതിയ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് സ്ട്രീം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പദ്ധതി പ്രഖ്യാപിച്ച് 48 മണിക്കൂറിനിടയില്‍ 10,000ലധികം ആളുകളാണ് പുതിയ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷകരില്‍ ബഹുഭൂരിഭാഗവും അമേരിക്കയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രീന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് പുതിയ നിയമം വലിയ ആശ്വാസമായിരിക്കുകയാണ്. ഇതോടെ അമേരിക്കന്‍ ഐ.ടി മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യക്കാരടക്കമുള്ള ഐ.ടി പ്രൊഫഷണലുകളാണ് അമേരിക്കന്‍ ടെക് ലോകത്തിന്റെ നെടും തൂണായി പ്രവര്‍ത്തിക്കുന്നത്. പുതിയ നിയമത്തിലൂടെ കാനഡയിലേക്കുള്ള കുടിയേറ്റം വ്യാപകമാവുന്നത് അമേരിക്കന്‍ സാമ്ബത്തിക മേഖലക്ക് വലിയ ക്ഷീണം വരുത്തുമെന്നാണ് കരുതുന്നത്.
യു.എസ്.എയിലെ ഐ.ടി മേഖലയിലടക്കം ജോലി ചെയ്യുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നേടുന്നതിലും തൊഴില്‍ ചെയ്യുന്നതിലും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതുകൂടാതെ പിരിച്ചുവിടല്‍ ഭീഷണിയടക്കം നേരിടുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് യു.എസ്.എയില്‍ നിന്ന് മാറി കാനഡിയില്‍ ജോലി നോക്കാനും സാധിക്കുന്നതാണ് പുതിയ നിയമത്തിന്റെ ഗുണം.
പുതിയ വര്‍ക്ക് പെര്‍മിറ്റിലൂടെ യു.എസിലെ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് കാനഡയില്‍ താമസിച്ച് ജോലിയെടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. മാത്രമല്ല ഇവര്‍ക്ക് തങ്ങളുടെ കുടുംബക്കാരെയും കാനഡയിലേക്ക് കൊണ്ട് വരാന്‍ സാധിക്കും. ബന്ധുക്കള്‍ക്ക് കൂടി കാനഡയില്‍ തൊഴിലെടുക്കാനും പഠിക്കാനുള്ള അവസരമുണ്ടെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.
അതേസമയം പദ്ധതിക്കെതിരെ ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പുതിയ പെര്‍മിറ്റും താമസവും ലഭിക്കുമെങ്കിലും അമേരിക്കയേക്കാള്‍ ജോലി സാധ്യത കുറഞ്ഞ നാടാണ് കാനഡയെന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായാണ് വിലയിരുത്തുന്നത്. മാത്രമല്ല സാലറിയും കുറവാണെന്നതും പ്രതിസന്ധിയായി തുടരുന്നുണ്ട്.