തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ആയിരുന്ന രോഗിക്ക് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് വിട്ട് നൽകിയില്ലെന്ന് പരാതി. വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മലങ്കര സ്വദേശി സുധീഷിന് ആംബുലൻസിനുള്ളിൽ വച്ച് ജീവൻ നഷ്ടമായി. ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസ് ഉണ്ടായിരുന്നിട്ടും, സൗകര്യങ്ങളില്ലാത്ത ആംബുലൻസിൽ കയറ്റി വിട്ടത് ഡോക്ടർമാരുടെ അലംഭാവമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഞായറാഴ്ച പുലർച്ചെ ഒരുമണിക്കാണ് കാണിപ്പയ്യൂർ വീട്ടിൽ സുധീഷിനെ നെഞ്ച് വേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതം ആണെന്ന് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലെ ഡ്യുട്ടി ഡോക്ടർ അടിയന്തിര ശുശ്രൂഷകൾ നൽകി. വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് മറ്റൊരു രോഗിയുമായി ആശുപത്രിയിൽ എത്തിയ ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു.