കോട്ടയം: അമൽ ജ്യോതി കോളേജിലെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ കോളേജിൽ എത്തും. കോളേജ് അധികൃതരുമായി 10 മണിക്ക് ചർച്ച നടത്തും. സാങ്കേതിക സർവകലാശാലയിൽ നിന്നും രണ്ടംഗ അന്വേഷണ കമ്മീഷനും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. ഇന്നും വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം മന്ത്രി ആർ ബിന്ദുവാണ് അറിയിച്ചത്.
ബിരുദ വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ കലുഷിതമായിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് . ക്യാമ്പസിനുള്ളിൽ കയറിയ പൊലീസ്, മാനേജ്മെന്റ് നിർദ്ദേശ പ്രകാരം വിദ്യാർഥികളെ മർദ്ദിച്ചെന്ന പരാതി, നാടകീയ രംഗങ്ങൾക്കാണ് വഴിവച്ചത്. സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയും പൊളിഞ്ഞിരുന്നു. ഇതോടെയാണ് രണ്ടു മന്ത്രിമാർ നാളെ ക്യാമ്പസിൽ നേരിട്ടെത്തി ഇരു വിഭാഗവുമായും സംസാരിക്കാൻ തീരുമാനിച്ചത്.ചീഫ് വിപ്പിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ ചർച്ച പൂർത്തിയായതിനു പിന്നാലെയായിരുന്നു സമര രംഗത്തുള്ള വിദ്യാർത്ഥികളിൽ ചിലർക്കു നേരെ പൊലീസ് ബലപ്രയോഗം ഉണ്ടായത്. മാനേജ്മെന്റും അധ്യാപകരും നൽകിയ നിർദ്ദേശം അനുസരിച്ചാണ് പൊലീസ് മർദ്ദിച്ചതെന്ന ആരോപണമുയർത്തി വിദ്യാർഥികൾ സംഘടിച്ച് പ്രതിഷേധിച്ചു. അനുനയത്തിനു ശ്രമിച്ച അധ്യാപകർക്കു നേരെയും വിദ്യാർഥികളുടെ രോഷപ്രകടനം ഉണ്ടായി.
സംഘർഷത്തിനിടെ പ്രതികരണത്തിന് നിൽക്കാതെ ചീഫ് വിപ്പ് മടങ്ങി. ചീഫ് വിപ്പിനെ തടഞ്ഞ വിദ്യാർഥികളെ പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം. ഇന്ന് പുലർച്ചെ കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നു മടക്കാനായിരുന്നു മാനേജ്മെന്റ് ശ്രമം. എന്നാൽ മാനേജ്മെൻറ് നിർദ്ദേശം തള്ളിക്കളഞ്ഞ് വിദ്യാർഥികൾ ക്യാമ്പസിൽ തുടരുകയായിരുന്നു.
സ്വാശ്രയ സ്ഥാപനങ്ങൾ പലതും അനാവശ്യ നിർബന്ധങ്ങൾ വിദ്യാർത്ഥികൾക്ക് മേലെ അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി ആര് ബിന്ദു ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. ശ്രദ്ധ എന്ന വിദ്യാർഥിനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കും വിധം സമ്മർദ്ദം ചെലുത്തിയ രണ്ട് അധ്യാപകർക്കെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ. കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസ് തൃപ്പൂണിത്തുറയിലെത്തി ശ്രദ്ധയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കെ എസ് യു വും എബിവിപിയും ക്യാമ്പസിലേക്ക് നടത്തിയ മാർച്ചുകളും പൊലീസുമായുള്ള സംഘർഷത്തിലാണ് കലാശിച്ചത്.