അല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2വിലെ പുതിയ ഗാനം റിലീസ് ചെയ്തു. പീലിങ്സ് എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളികൾക്കുള്ള സമ്മാനമെന്ന നിലയിൽ ഗാനത്തിന്റെ നാല് വരികൾ മലയാളത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയ ഗാനരംഗത്ത് തട്ടുപൊളിപ്പൻ ഡാൻസുമായി അല്ലുവും രശ്മിക മന്ദാനയും പ്രത്യക്ഷപ്പെടുന്നുണ്ട്.
‘പുഷ്പ 2: ദ റൂൾ’ ഓരോ അപ്ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ ‘കിസ്സിക്’ പാട്ടെത്തിയിരുന്നു. അതിന് ശേഷമാണിപ്പോള്‍ ‘പീലിങ്സ്’ സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിയത്.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.