ഡൽഹി: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെയാണ് സിറിയയിൽ ഒഴിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജെയ്സ്വാൾ വെള്ളിയാഴ്ച പറഞ്ഞു.
ഇതുവരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ച 77 പേരിൽ 44 പേരും ജമ്മു കശ്മീരിൽ നിന്ന് പോയ തീർത്ഥാടകരാണ്. ഇവർ സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. എല്ലാ ഇന്ത്യക്കാരെയും ലെബനോനിലേക്ക് സുരക്ഷിതമായ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വാണിജ്യ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡമസ്കസിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒഴിപ്പിച്ച ഇന്ത്യക്കാരെ അതിർത്തി വരെ അനുഗമിച്ചു. അവിടെ നിന്ന് ലെബനോനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ച് ഇമിഗ്രേഷൻ നടപടികൾക്ക് സഹായം നൽകിയെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ബെയ്റൂത്തിൽ ഇവർക്ക് താമസ സൗകര്യവും അവിടെ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സംവിധാനങ്ങളും എംബസി ഒരുക്കി. മടങ്ങിയ ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം പേരും ഇതിനോടകം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റുള്ളവർ ഇന്നോ നാളെയോ മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബെയ്റൂത്തിലെത്തിയ തീർത്ഥാടകർ അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു.