ആലപ്പുഴ:ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നൽകി നാട്. കാവാലം കൃഷ്ണപുരം നെല്ലൂരിലെ വീട്ടുവളപ്പിലാണ് രാവിലെ ആയുഷിന്റെ സംസ്കാരം നടന്നത്. ആയുഷിന് അന്ത്യാഞ്ജലി ഒരു നാടൊന്നാകെ വീട്ടിലേക്കെത്തി. സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ആയുഷ് യാത്രയാകുമ്പോള്‍ ഒരു നാട് മുഴുവൻ കണ്ണീരണിയുന്ന കാഴ്ചയാണ് കാവാലത്ത് കണ്ടത്. കുട്ടനാട്ടിലെ സാധാരണ കുടുംബത്തിൽ വളര്‍ന്ന ആയുഷ് എംബിബിഎസ് പഠനത്തിനുശേഷം കേരളത്തിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ കൂട്ടുകാരായ മറ്റു നാലുപേര്‍ക്കൊപ്പം ആയുഷും മരണത്തെ പുൽകി.
രാവിലെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത് മുതൽ ഉള്ളുനീറുന്ന കാഴ്ചകളാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. രാവിലെ 9.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം ആയുഷിന് അന്ത്യചുംബനം നൽകി. രാവിലെ 11.15ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ദേവാനന്ദന്റെ സംസ്കാരം കോട്ടയം മറ്റക്കരയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും അഞ്ച് പേർ മരിച്ചതും. അപകടത്തിൽ പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിലൊരാളുടെ നില അതീവഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ക്രിട്ടിക്കൽ കെയർ വിദഗ്ധൻ്റെ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗം തീരുമാനിച്ചിരുന്നു.