കൊച്ചി: നോർത്തേൺ സമ്മർ 2025 (NS25) സീസണിലെ ലണ്ടൻ ഫ്ലൈറ്റ് ഷെഡ്യൂളിൽ മാറ്റങ്ങളുമായി എയർ ഇന്ത്യ. ഇന്ത്യയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും ഇടയിലുള്ള നിരവധി റൂട്ടുകളിലെ വിമാന സർവീസുകളിൽ മാറ്റങ്ങളുണ്ടാകും. കൊച്ചി-ലണ്ടൻ സർവീസ് താൽക്കാലികമായി നിർത്തിവെയ്ക്കുന്നു എന്നതാണ് മലയാളികളെ സംബന്ധിച്ച് നിരാശാജനകമായ തീരുമാനം. നിലവിൽ ആഴ്ചയിൽ മൂന്ന് തവണയാണ് എയർ ഇന്ത്യ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. 2025 മാർച്ച് 30ന് ശേഷമാകും മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
2021ൽ ഇന്ത്യയെ യുകെ റെഡ് ലിസ്റ്റിൽ നിന്ന് ആമ്പറിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് ഇന്ത്യയും യുകെയും തമ്മിലുള്ള വിമാന യാത്ര സുഗമമായത്. ഇതേ തുടർന്നാണ് സിയാലും എയർ ഇന്ത്യയും കേരള സർക്കാരും ചേർന്ന് കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് സർവീസ് നടത്താൻ ശ്രമിച്ചത്. യൂറോപ്പിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) പാർക്കിംഗ്, ലാൻഡിംഗ് ചാർജുകൾ ഒഴിവാക്കിയിരുന്നു. യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവീസുകളുള്ള കേരളത്തിലെ ഏക വിമാനത്താവളം കൊച്ചിയാണ്. പുതിയ മാറ്റങ്ങളെ തുടർന്ന് കൊച്ചിക്കും ലണ്ടനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ദില്ലി, മുംബൈ, ബെംഗളൂരു വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകൾ പോലെയുള്ള ഇതര മാർഗങ്ങളെ ആശ്രയിക്കേണ്ടി വരും.