ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിക്ക് ആപത്താകുമെന്ന മുന്നറിയിപ്പുമായി എഐ ഉപജ്ഞാതാവ് ജെഫ്രി ഹിന്റണ്‍.ഗൂഗിളിലെ ജോലി രാജിവച്ചതിന് ശേഷമാണ് നിര്‍മിതബുദ്ധിയുടെ ഗോഡ്ഫാദര് തന്നെ വിമര്‍ശനം ഉയര്‍ത്തുന്നത്. മനുഷ്യബുദ്ധിയെ മറികടക്കുന്ന എഐ ഭാവിയില്‍ വരുത്തിവെക്കുന്ന അപകടം വലുതായിരിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ പതിറ്റാണ്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ശാസ്ത്രശാഖയ്ക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്ത ശാസ്ത്രജ്ഞനാണ് ജെഫ്രി ഹിന്റണ്‍. ഗൂഗിളില്‍ തുടര്‍ന്നുവന്നിരുന്ന ജോലി അവസാനിപ്പിച്ചതിനു ശേഷം ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ വിത്തുപാകിയ എഐ വിതയ്ക്കാന്‍ പോകുന്ന അപകടത്തെപ്പറ്റി വിശദീകരിച്ചത്. വിവരങ്ങള്‍ മനസ്സിലാക്കി ഇടപെടുന്ന മനുഷ്യ തലച്ചോര്‍ പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നെറ്റ്വര്‍ക്കുകളും മെച്ചപ്പെടുമെന്നും മനുഷ്യബുദ്ധിയെ കവച്ചുവയ്ക്കുമെന്നുമാണ് ജെഫ്രി ഹിന്്റന് നല്കുന്ന മുന്നറിയിപ്പ്.
ഭാവിയിലെ തൊഴിലുകള്‍ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന വിധത്തില്‍ ഒരുപക്ഷേ എഐ വളര്‍ന്നുവന്നേക്കാം. മോശം ആളുകളുടെ കയ്യില്‍ എത്തുന്ന സാങ്കേതികവിദ്യ മനുഷ്യ സുരക്ഷയ്ക്ക് വരെ കൈമോശം വരുത്തിയേക്കാം. അതുകൊണ്ട് നിര്‍മ്മിത ബുദ്ധിയുടെ നിയന്ത്രണത്തില്‍ നിക്ഷേപം നടത്തുക അനിവാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഗൂഗിളില്‍ നിന്ന് രാജിവെച്ചതുകൊണ്ടാണ് ഇത്തരമൊരു പ്രതികരണമെന്ന് കരുതേണ്ടെന്നും നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് ഗൂഗിളില്‍ സ്വാധീനം ചെലുത്താതെ സ്വതന്ത്രമായി പ്രതികരിക്കാനാണ് രാജി എന്നും ജെഫ്രി ഹിന്റണ്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധിയായ എഐ സംവിധാനങ്ങള്‍ക്ക് അടിത്തറ നിര്‍മിച്ച ഹിന്്റന് ഒരു പതിറ്റാണ്ടിലേറെയായി ഗൂഗിളില്‍ ജോലി ചെയ്തു വരികയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച പ്രതികൂല ഭാവി സാഹചര്യം സൃഷ്ടിക്കുമെന്ന ഭീതി ലോകം മുഴുവന്‍ ചര്‍ച്ച പടര്‍ത്തിയിരുന്നു.