കാൻബറ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ഉപയോഗം വിവിധ മേഖലകളിൽ വ്യാപകമാകുന്നതിനിടെ മുന്നറിയിപ്പുമായി ഓസ്ട്രേലിയയിലെ ഡോക്ടർമാരുടെ സംഘടനയായ ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (എ.എം.എ). ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഡോക്ടർമാർ രോഗികളുടെ മെഡിക്കൽ റെക്കോഡുകൾ തയാറാക്കുന്ന രീതിയാണ് മെഡിക്കൽ അസോസിയേഷൻ തന്നെ ചോദ്യം ചെയ്യുന്നത്. ചാറ്റ് ജിടിപി ഉപയോഗിച്ച് ചികിത്സ നിർണയിക്കുന്നതിന്റെയും മെഡിക്കൽ റെക്കോഡുകൾ തയാറാക്കുന്നതിന്റെയും ഗുരുതര ഭവിഷ്യത്തുകളാണ് ഡോക്ടർമാരുടെ സംഘടന മുന്നോട്ടുവയ്ക്കുന്നത്.
ചാറ്റ്ജിപിടി ഉപയോഗിച്ച് രോഗികളുടെ മെഡിക്കൽ കുറിപ്പുകൾ എഴുതരുതെന്ന് പെർത്ത് സൗത്ത് മെട്രോപൊളിറ്റൻ ഹെൽത്ത് സർവീസിനു കീഴിലുള്ള അഞ്ച് ആശുപത്രികളിലെ ഡോക്ടർമാർക്ക് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ മേഖലയിൽ എ.ഐ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് വ്യക്തമായ നിയമവും സുതാര്യതയും ആവശ്യമാണെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചത്.
സുരക്ഷിതമായ ആർട്ടിഷ്യൽ ഇന്റലിജൻസ് ഉപയോഗം സംബന്ധിച്ച് ഡോക്ടർമാരുടെ സംഘടന ഓസ്ട്രേലിയ ഫെഡറൽ ഗവൺമെന്റിന് നൽകിയ റിപ്പോർട്ടിലാണ്ഭാവിയിലെ ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ മേഖലയുടെ വിശ്വാസം നിലനിർത്താനും രോഗികളുടെ സുരക്ഷയ്ക്കും ആരോഗ പ്രവർത്തകരുടെ മികവിനും എ.ഐ ഉപയോഗത്തിൽ കൃത്യമായ നിയമനിർമാണം വേണമെന്നാണ് ആവശ്യം. ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കുന്നതിലൂടെ രോഗികളുടെ സ്വകാര്യ വിവരങ്ങളുടെ രഹസ്യാത്മത നഷ്ടപ്പെടുമെന്നാണ് അധികൃതർ
വിലയിരുത്തുന്നത്.
ആരോഗ്യ മേഖലയിൽ ആർട്ടിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും
ചികിത്സ സംബന്ധിച്ച അന്തിമ തീരുമാനം ഡോക്ടറുടേതായിരിക്കണമെന്നാണ് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷന്റെ ആവശ്യം. എ.ഐ ഉപയോഗിച്ച് ഏതെങ്കിലും വിധത്തിലുള്ള ചികിത്സയോ രോഗ നിർണയമോ നടത്തിയാൽ അക്കാര്യം രോഗികളെ അറിയിക്കണമെന്നും സംഘടന നിഷ്കർഷിക്കുന്നു.
രോഗികളുടെ മെഡിക്കൽ റെക്കോഡുകളുടെ രഹസ്യാത്മത സുരക്ഷിതമാക്കണമെന്നാണ് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷന്റെ മറ്റൊരു ആവശ്യം. ആരോഗ്യ മേഖലയിൽ കൃത്യമായ രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്നതിൽ വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിനു സമാനമായി ഓസ്ട്രേലിയയിലും നിയമം കൊണ്ടുവരണമെന്നും ഡോക്ടർമാരുടെ സംഘടനയുടെ ആവശ്യം. ഇതുവഴി എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗ നിർണയം നടത്തുന്നതിനെയും ചികിത്സ നിശ്ചിക്കുന്നതിന്റെയും ഭവിഷ്യത്തുകൾ കുറയ്ക്കാൻ സാധിക്കുമെന്ന് എ.എം.എ പ്രസിഡന്റ് പ്രൊഫ. സ്റ്റീവ് റോബ്സൺ പറഞ്ഞു.
സുപ്രധാന തീരുമാനങ്ങൾ ആർട്ടിഫിഷൽ ഇന്റലിജൻസിനു വിടാതെ ഡോക്ടർമാർ നേരിട്ടു കൈക്കൊള്ളണം. ഏതു ചികിത്സയിലും അന്തിമ തീരുമാനം വിദഗ്ധനായ ഡോക്ടറുടേതാവണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മറ്റേതൊരു രംഗത്തും എന്ന പോലെ ആരോഗ്യ രംഗത്തും സജീവമാണെന്നും ഇക്കാര്യത്തിൽ സൂക്ഷമത പുലത്തണമെന്നും അസോസിയേഷൻ മുന്നറിയിപ്പു നൽകുന്നു.