ജര്‍മനിയിലെ ഫുവെര്‍ത്തിയിലെ സെന്റ് പോള്‍സ് പള്ളിയിലെ നിറഞ്ഞ സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസാണ്.
വിവിധ അവതാറുകളായാണ് പള്ളിയിലെ അള്‍ത്താരയില്‍ ക്രമീകരിച്ച വലിയ സ്ക്രീനില്‍ ചാറ്റ് ജിപിടി ചാറ്റ്ബോട്ട് പ്രത്യക്ഷപ്പെട്ടത്. ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് ദൈവത്തോട് പ്രാര്‍ത്ഥിക്കുവിൻ എന്ന് പറഞ്ഞു കൊണ്ടാണ് എഐ മതപ്രഭാഷകൻ പ്രഭാഷണം ആരംഭിച്ചത്.
ജര്‍മനിയിലെ ഈ വര്‍ഷത്തെ പ്രൊട്ടസ്റ്റന്റ് സഭാ കണ്‍വെൻഷനില്‍ മതപ്രഭാഷണം നടത്തുന്ന ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആവാൻ സാധിച്ചതിലും ഇവിടെ നില്‍ക്കാനായതിലും അഭിമാനമുണ്ടെന്ന് അവതാര്‍ പ്രഭാഷണത്തില്‍ പറഞ്ഞു. യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ യാന്ത്രികമായിട്ടായിരുന്നു അവതാറിന്റെ പ്രഭാഷണം. 40 മിനിറ്റോളം നീണ്ടു നിന്ന ചടങ്ങില്‍ മതപ്രഭാഷണം, പ്രാര്‍ത്ഥന,സംഗീതം എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. വിയന്ന സര്‍വകലാശാലയിലെ തത്ത്വശാസ്ത്രജ്ഞനും ദൈവശാസ്ത്രപണ്ഡിതനുമാണ് ജോനാസ് സിമ്മെര്‍ലിൻ.
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എഐ മതപ്രഭാഷകനെ സൃഷ്ടിച്ചിരിക്കുന്നത്. ‘എഐ ചര്‍ച്ച് സര്‍വീസ്’ എന്ന ഈ പരിപാടിയ്ക്ക് ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.ബവേറിയൻ നഗരങ്ങളായ ന്യൂറംബര്‍ഗ്, ഫുവെര്‍ത്ത് എന്നിവിടങ്ങളിലായാണ് പ്രൊട്ടസ്റ്റന്റ് കണ്‍വെൻഷനിലെ പരിപാടി നടന്നത്. ഏറെ താല്പര്യത്തോടെയാണ് ആളുകള്‍ പരിപാടിയ്ക്ക് എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനായി പള്ളിക്ക് പുറത്ത് നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
ഇതൊരു പള്ളിയാണ്. ഇവിടെ പങ്കെടുക്കുന്ന മതപ്രഭാഷകൻ എന്ന നിലയില്‍ എന്ത് സേവനമാണ് നിങ്ങള്‍ ഞങ്ങള്‍ക്കായി നല്‍കുക എന്ന ചോദ്യം സിമ്മര്‍ലിൻ ആര്‍ട്ടിഫിഷ്യലിനോട് ഉന്നയിച്ചു. മറുപടിയില്‍ സ്തോത്രങ്ങളും പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. വളരെ ശ്രദ്ധയോടെയാണ് വിശ്വാസികളെല്ലാം പ്രഭാഷണം കേട്ടത്.
ഭൂതകാലത്തില്‍ നിന്ന് പുറത്ത് വരൂ,വര്‍ത്തമാനകാലത്തെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മരണഭയത്തെ മറികടക്കൂ, ക്രിസ്തുവിലുളള വിശ്വാസം കൈവെടിയരുത് എന്നിങ്ങനെയുള്ള മറുപടികളാണ് എഐ നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സേവനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയകരമാണെന്നാണ് വിലയിരുത്തല്‍.