കേരളത്തില്‍ റോഡ് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനുള്ള AI ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്.സംസ്ഥാനത്ത് ഇതിനെതിരെയുള്ള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും സജീവമാണ്.
സര്‍ക്കാരിന് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമാണ് AI ക്യാമറ ഉപയോഗിച്ചുള്ള പിഴയീടാക്കല്‍ എന്നും, റോഡുകള്‍ നന്നാക്കിയ ശേഷം മാത്രമേ പിഴ ഇടാക്കാന്‍ പാടുള്ളൂ എന്നുമൊക്കെയുള്ള വാദങ്ങളാണ് സജീവമായി ഉയരുന്നത്.എന്നാല്‍, ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കാന്‍ AI ക്യാമറകള്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ഓസ്ട്രേലിയയില്‍ എത്രത്തോളമാണ് പിഴ നല്‍കുന്നത് എന്നറിയാമോ?
ഓസ്ട്രേലിയയിൽ പല സംസ്ഥാനങ്ങളിലും ‘മൊബൈൽ ഡിറ്റക്ഷൻ’ ക്യാമറകൾ നിലവിലുണ്ട്. കാറോടിക്കുമ്പോള്‍ പാട്ടുവയ്ക്കാനോ, വഴിനോക്കാനോ ഫോണ്‍ കൈയിലെടുത്താല്‍ പോലും ഈ ക്യാമറകള്‍ ചിത്രം പകര്‍ത്തി ഗതാഗത വകുപ്പിന് കൈമാറും.പരിശോധനക്കായി പോലീസ് തടഞ്ഞു നിർത്തിയാൽ മൊബൈലിലെ ‘ഡിജിറ്റൽ ലൈസൻസ്’ കാണിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ ചോദിക്കുന്നതിനു മുൻപ് ഫോണിൽ തൊട്ടാല്‍ അതും കുറ്റമാണ്.
ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ച് ഡിമെരിറ്റ് പോയിന്റുകളും 362 ഡോളർ പിഴയുമാണ് ഇതിനുള്ള ശിക്ഷ. സ്കൂൾ പരിസരത്ത് വച്ചാണ് കുറ്റം നടക്കുന്നതെങ്കിൽ പിഴ 481 ഡോളർ ആയിരിക്കും.
‘ഡബിൾ ഡിമെരിറ്റ്’ ദിവസങ്ങളിലാണ് ഇതെങ്കിൽ 10 ഡിമെരിറ്റ് പോയിന്റാകും.
അതായതു നിലവിൽ മൂന്ന് ഡിമെരിറ്റ് ഉള്ളയാള്‍’ഡബിൾ ഡിമെരിറ്റ്’ ദിവസങ്ങളിൽ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ ലൈസൻസ് റദ്ദാകാനുള്ള സാധ്യത ഉണ്ട്.ന്യൂ സൗത്ത് വെയില്‍സിന് പുറമേ, വെസ്റ്റേണ്‍ ഓസ്ട്രേലിയ, ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി, ക്വീന്‍സ്ലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് ഡബിള്‍ ഡീമെരിറ്റ് നിയമമുള്ളത്.വിക്ടോറിയയിൽ നാല് ‘ഡിമെരിറ്റ്’ പോയിന്റുകളും 555 ഡോളർ ഫൈനുമാണ് വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാലുള്ള ശിക്ഷ.ക്വീൻസ്ലാൻഡിൽ മൊബൈൽ ഉപയോഗിച്ചു വാഹനമോടിച്ചാൽ പിഴ 1078 ഡോളറാണ്, അതോടൊപ്പം തന്നെ 4 ‘ഡിമെരിറ്റ്’ പോയിന്റുകളും ഉണ്ടാകും.1000 ഡോളർ ഫൈനും 4 ‘ഡിമെരിറ്റ്’ പോയിന്റുകളുമാണ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഈ കുറ്റത്തിന് പിഴ.സൗത്ത് ഓസ്ട്രേലിയയില്‍ 565 ഡോളറും മൂന്ന് ‘ഡിമെരിറ്റ്’ പോയിന്റുമാണ് പിഴ. ടാസ്മേനിയയില്‍ 363 ഡോളര്‍ പിഴയും മൂന്ന് പോയിന്റുകളും ലഭിക്കും.
റോഡപകടങ്ങൾക്ക് മുഖ്യ കാരണം അമിത വേഗമാണ് എന്നതിനാല്‍ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ ഈ കുറ്റത്തിന് വലിയ പിഴയാണ് ഈടാക്കുക.അനുവദിച്ചിട്ടുള്ള പരമാവധി വേഗതയെക്കാള്‍ എത്രത്തോളം അമിതവേഗതയിലാണ് വാഹനമോടിക്കുന്നത് എന്നത് കണക്കിലെടുത്ത് പിഴയിലും, ‘ഡിമെരിറ്റ്’ പോയിന്റിലുമെല്ലാം വര്‍ദ്ധനവുണ്ടാകും.ഉദാഹരണത്തിന്, ന്യൂ സൗത്ത് വെയിൽസിൽ 128 ഡോളർ മുതൽ 4,106 ഡോളർ വരെ പിഴ കൊടുക്കേണ്ടി വരുന്ന കുറ്റമാണ് അമിത വേഗത.10 km/h ല്‍ താഴെയാണ് അമിതവേഗതയെങ്കില് 128 ഡോളറാണ് സാധാരണഗതിയിലെ പിഴ. എന്നാല്‍ സ്കൂള്‍ മേഖലയില്‍ 45km/h ല്‍ കൂടുതല്‍ അമിതവേഗതയില്‍ കാറോടിച്ചാല്‍ 4,106 ഡോളര്‍ പിഴയൊടുക്കണം.പരിധിയെക്കാള്‍ 10 km/h ന് ഉള്ളിലാണ് അമിതവേഗതയെങ്കില് ഒരു ഡീമെരിറ്റ് പോയിന്റും, 10 കിലോമീറ്ററിന് മുകളിലാണെങ്കില്‍ മൂന്ന് ഡീമെരിറ്റ് പോയിന്റും ലഭിക്കും.45 കിലോമീറ്ററിലേറെയാണ് അമിത വേഗതയെങ്കില്‍ ആറ് ‘ഡിമെരിറ്റ്’ പോയിന്റാകും.സ്കൂള്‍ മേഖലയിലാണെങ്കില്‍ ഏഴ് ‘ഡിമെരിറ്റ്’ പോയിന്റും.വിക്ടോറിയയിൽ 231 ഡോളർ മുതൽ 925 ഡോളർ വരെ പിഴയാണ് അമിത വേഗതയില്‍ കാറോടിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഒരു വര്‍ഷം വരെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യാം.ഹെവി വാഹനങ്ങളാണെങ്കില്‍ പിഴയും കൂടും.സൗത്ത് ഓസ്ട്രേലിയയിൽ ഇത് 187 ഡോളർ മുതൽ 1756 ഡോളർ വരെയുള്ള പിഴക്കും ഒന്ന് മുതൽ ഒമ്പതു വരെ ‘ഡിമെരിറ്റ്’ പോയിന്റുകൾക്കും കാരണമാകും.ക്വീൻസ്ലാൻഡിൽ അമിതവേഗത്തിനു പിടിയ്ക്കപ്പെട്ടാൽ 287 ഡോളർ മുതൽ 1653 ഡോളർ വരെ പിഴ കൊടുക്കേണ്ടി വരും.അതോടൊപ്പം തന്നെ ഒന്നു മുതല്‍ എട്ടു വരെ ‘ഡിമെരിറ്റ്’ പോയിന്റുകളും അമിത വേഗതക്ക് ക്വീൻസ്ലാൻഡിൽ ശിക്ഷയായി ലഭിക്കും.ടാസ്മേനിയയില്‍ 91 ഡോളര്‍ മുതല്‍ 1,041 ഡോളര്‍ വരെ പിഴയും, രണ്ടു മുതല്‍ ആറ് വരെ ‘ഡിമെരിറ്റ്’ പോയിന്റുകളും ലഭിക്കും.
ന്യൂ സൗത്ത് വെയിൽസിൽ 362 ഡോളർ പിഴയും മൂന്ന് ഡിമെരിറ്റ് പോയിന്റുകളുമാണ് സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്താൽ ലഭിക്കുക.എന്നാൽ ഒരേ വാഹനത്തിൽ രണ്ടു പേർ സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്താൽ പിഴയും ‘ഡിമെരിറ്റ്’ പോയിന്റുകളും ഇരട്ടിക്കുകയും ചെയ്യും.വിക്ടോറിയയിൽ സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്താൽ 370 ഡോളർ പിഴയും മൂന്ന് ‘ഡിമെരിറ്റ്’ പോയിന്റുകളും ആയിരിക്കും ലഭിക്കുക.ക്വീൻസ്ലാൻഡിൽ ഇത് നാല് ‘ഡിമെരിറ്റ്’ പോയിന്റുകൾക്കും 1078 ഡോളർ വരെ പിഴയ്ക്കും കാരണമാകും.വെസ്റ്റേൺ ഓസ്ട്രേലിയയിൽ സീറ്റ് ബെൽറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് 450 ഡോളർ വരെ പിഴ ലഭിക്കുന്നതിനും 4 ‘ഡിമെരിറ്റ്’ പോയിന്റുകൾക്കും ഇടയാക്കും.സൗത്ത് ഓസ്ട്രേലിയയില്‍ 403 ഡോളര്‍ പിഴയും, മൂന്ന് ‘ഡിമെരിറ്റ്’ പോയിന്റും, ടാസ്മേനിയയില്‍ 362 ഡോളര്‍ പിഴയും മൂന്ന് ‘ഡിമെരിറ്റ്’ പോയിന്റുമാണ് ലഭിക്കുക.ശരിയായ രീതിയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതു പോലെ, കുട്ടികൾക്ക് അനുയോജ്യമായ കാർ സീറ്റുകൾ ഘടിപ്പിക്കാത്തതും ഓസ്ട്രേലിയയിൽ കുറ്റമാണ്.
ഓസ്ട്രേലിയയിൽ ഹെല്മഡറ് ഇല്ലാതെ മോട്ടോർ സൈക്കിൾ ഓടിക്കുന്നവരെ കാണുന്നത് വളരെ വിരളമാണ്.
സൈക്കിൾ ഓടിക്കുമ്പോൾ പോലും ഹെൽമെറ്റ് ഇല്ലെങ്കിൽ പിഴ ലഭിക്കാം എന്നുള്ളതാണ് നിയമം.ന്യൂ സൗത്ത് വെയിൽസിൽ ഹെൽമെറ്റ് ഇല്ലാതെ മോട്ടോർ ബൈക്ക് ഓടിക്കുന്നയാൾക്ക് 349 ഡോളർ പിഴയും അഞ്ച് ‘ഡിമെരിറ്റ്’ പോയിന്റുമായിരിക്കും ലഭിക്കുക.പിന്നിൽ ഇരിക്കുന്നയാൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഈ ശിക്ഷ ലഭിക്കും.ന്യൂ സൗത്ത് വെയിൽസിൽ ഹെല്‍മറ്റില്ലാതെ സൈക്കിൾ ചവിട്ടുന്നവര്‍ക്കും ഇതേ ശിക്ഷയായിരിക്കും ലഭിക്കുക.വിക്ടോറിയയിൽ ഹെൽമെറ്റ് ഇല്ലാത്ത ഇരുചക്രവാഹനം ഓടിച്ചാൽ 231 ഡോളർ പിഴ അടക്കേണ്ടി വരുമ്പോൾ ക്വീൻസ്ലാൻഡിൽ ഇത് ചുരുങ്ങിയത് 143 ഡോളർ ആണ്.മോട്ടോര്‍ ബൈക്കുകളില്‍ രണ്ടിലേറെ പേര് യാത്ര ചെയ്താലും എല്ലാ സംസ്ഥാനങ്ങളിലും കടുത്ത പിഴ ചുമത്തും.മോട്ടോർ ബൈക്കുകൾ ഓടിയ്ക്കുമ്പോൾ ഹെൽമെറ്റ് മാത്രമല്ല മറ്റു സുരക്ഷാ വസ്ത്രങ്ങളും നിർബന്ധമാണ്.മോട്ടോർ ബൈക്കുകൾ ഓടിക്കുമ്പോൾ നിയമാനുസൃതമായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കാതിരുന്നാൽ പിഴ കൊടുക്കുന്നത് മാത്രമല്ല, അപകടമുണ്ടായാൽ ഇൻഷുറൻസ് ലഭിക്കാതിരിക്കാനും കാരണമാകും.
931 മില്യൺ ഡോളർ ആണ് 2021-2022 സാമ്പത്തീക വർഷം ന്യൂ സൗത്ത് വെയിൽസിൽ റോഡ് നിയമ ലംഘനങ്ങൾക്ക് പിഴയായി ചുമത്തിയത്.വിക്ടോറിയയിൽ ഇത് 2020 – 2021 സാമ്പത്തീക വർഷം 319 മില്യൺ ആയിരുന്നു.വാഹനങ്ങൾ ക്യാമറ നിരീക്ഷണത്തിൻറെ പരിധിയിൽ എത്തുന്നതിന് മുൻപ് ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ് ബോർഡുകൾ റോഡുകളിൽ മിക്കയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.മുന്നറിയിപ്പ് ബോർഡ് കണ്ട് ഡ്രൈവർമാർക്ക് വാഹനത്തിൻറെ വേഗതയടക്കം കുറക്കാനും, ഡ്രൈവിങ്ങിൽ കൂടുതൽ ജാഗ്രത പാലിക്കുവാനുമായാണ് ഈ മുന്നറിയിപ്പ്.പിഴയല്ല റോഡിലെ സുരക്ഷയാണ് പ്രധാനം എന്നർത്ഥം.