ആലപ്പുഴ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം. ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ജിഷ മോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഷമോളെ ചോദ്യം ചെയ്യൽ തുടരുകയാണ്.
കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. നോട്ടുകൾ പിടിക്കപ്പെട്ടപ്പോൾ കൃഷി ഓഫിസറായ ജിഷമോൾ നൽകിയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇവർ തമ്മിൽ പരിചയക്കാരാണ്. അതേസമയം, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയുമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ കളരിക്കലിൽ വാടക വീട്ടിലാണ് ജിഷമോളുടെ താമസം. നേരത്തെ, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു. വ്യാജനോട്ട് കേസിൽ ഇവർക്കുള്ള പങ്ക് അന്വേഷിക്കുകയാണ് പൊലീസ്.
ഫെബ്രുവരി അഞ്ചിന് കായംകുളത്ത് ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട കേസിൽ അഖിൽ ജോർജ്ജ് (30) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒമ്പതാം പ്രതിയായ സനീറിനൊപ്പം ബാംഗ്ലൂരിൽ നിന്നും 30 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ വാങ്ങി പലർക്കായി വിതരണം ചെയ്തവരിൽ ഒരാളാണ് അഖിൽ ജോർജ്ജ്. എറണാകുളത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.