മലപ്പുറം : സംസ്ഥാനത്തെ 2022 ലെ കർക അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച കയറ്റുമതി കർഷകനുള്ള അവാർഡ് മലപ്പുറം ജില്ലയിലേക്ക് എത്തിച്ച് വണ്ടൂർ കൃഷിഭവനിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കുഞ്ഞുമോൾ ടോം. വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ സ്വദേശിയായ ഇവർ കഴിഞ്ഞ 30 വർഷമായി കാർഷിക മേഖലയിൽ സജീവമാണ്. അഞ്ച് വർഷം മുമ്പ് ചക്കയുടെ വിദേശ വിപണന സാധ്യത മനസ്സിലാക്കി ‘ജാക്ക്മി, എന്ന ബ്രാൻഡിൽ ചക്കയുടെ വിവിധ ഉൽപന്നങ്ങൾ പേർഷ്യൻ ഗൾഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി കമ്പനി രൂപീകരിച്ച മികച്ച പ്രവർത്തനം നടത്തി വരവെയാണ് കൃഷി വകുപ്പിന്റെ അവാർഡ് കുഞ്ഞുമോൾ ടോമിനെ തേടിയെത്തിയത്. സ്വന്തമായി കൃഷി ചെയ്യുന്ന പ്ലാവിൽ നിന്നും കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന ചക്കയും സംസ്ക്കരിച്ച് വിവിധങ്ങളായ മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റി അയക്കുന്നു. കൂടാതെ വിവിധയിനം പഴങ്ങളും പച്ചക്കറികളും , കപ്പയും തനതായും മൂല്യവർധിത ഉൽപന്നങ്ങളായും കയറ്റുമതി ചെയ്യുന്നുണ്ട് . നൂറുകണക്കിനാളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന സംരഭക കൂടിയാണ് ശ്രീമതി.കുഞ്ഞുമോൾ ടോം.