ദില്ലി: പഞ്ചാബ് പൊലീസിന് മുമ്പാകെ കീഴടങ്ങില്ലെന്ന് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്. ലൈവ് വീഡിയോയിൽ. അല്പ സമയത്തിന് മുമ്പ് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് അമൃത്പാൽ സിങ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമൃത് പാൽ സിങ്ങ് വീഡിയോ സന്ദേശം പുറത്തുവിടുന്നത്. താൻ കീഴടങ്ങില്ലെന്നും ഉടൻ തന്നെ ജനങ്ങളുടെ മുൻപിൽ എത്തുമെന്നും അമൃത്പാൽ സിങ് വീഡിയോയില്‍ പറയുന്നു. താൻ ഒളിവിൽ അല്ല. രാജ്യം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ സിങ് കൂട്ടിച്ചേര്‍ത്തു.
അമൃത്പാല്‍ സിങ് പൊലീസില്‍ കീഴടങ്ങുമെന്ന അഭൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് വീഡിയോ പുറത്ത് വരുന്നത്. മൂന്ന് ഉപാധികൾ അമൃത്പാല്‍ സിങ് വച്ചെന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ഉപാധിയുടെ അമൃത്പാല്‍ സിങിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വീഡിയോ പുറത്ത് വരുന്നത്. തനിക്കായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് 24 മണിക്കൂറിനിടെ രണ്ട് തവണ അമൃത്പാല്‍ സിങിന്റെ വീഡിയോ പുറത്ത് വരുന്നത്. ഇന്നലെ അമൃത്പാല്‍ സിക്ക് വികാരം ഇളക്കാൻ ഉദ്ദേശിച്ച് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.
അതേസമയം, പഞ്ചാബിലെ നാല് ജില്ലകളില്‍ അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുവർണക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കപൂര്‍ത്തല, ജലന്ധർ ഉൾപ്പെടെയുള്ള നാല് ജില്ലകളിലും കനത്ത ജാഗ്രതയും ഏർപ്പെടുത്തിയിട്ടുണ്ട്. അമൃത്പാലിനായി ഡ്രോണുകള്‍ അടക്കം വിന്യസിച്ചാണ് തെരച്ചില്‍ തുടരുന്നത്. ഹിമാചല്‍ പ്രദേശിലും അമൃത്പാലിനായി തെരച്ചില്‍ നടക്കുന്നുണ്ട്. ഹോഷിയാർപൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഇന്നോവ കാർ അമൃത്പാലിന്റെതാണെന്നാണ് പൊലീസ് അനുമാനം. 8168 എന്ന നമ്പറുള്ള ഒരു സ്വിഫ്റ്റ് കാറും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദില്ലിയിലും ഹരിയാനയിലും നേപ്പാളിലും അമൃത്പാല്‍ എത്തിയതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അവിടെയും നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.