ടെഹ്റാൻ: : ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മെഹ്സ അമിനി മരിച്ചതിന് കൃത്യം 10 മാസത്തിന് ശേഷം ഇറാനില്‍ വീണ്ടും ഹിജാബ് നിയമം ശക്തമാകുന്നു.
ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പിടികൂടാൻ ഇറാനില്‍ പൊലീസ് പട്രോളിംഗ് പുനരാരംഭിച്ചു. പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാതെയും ” പ്രകോപനപരമായ’ വസ്ത്രങ്ങള്‍ ധരിച്ചും നടക്കുന്ന സ്ത്രീകളെ പിടികൂടുന്ന നടപടി തുടരുമെന്ന് ഇറാൻ നിയമ വകുപ്പിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് നിര്‍ബന്ധമാക്കിയ ചട്ടങ്ങള്‍ പാലിക്കാൻ ഏവരും മുന്നോട്ട് വരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ, സദാചാരം നടപ്പിലാക്കല്‍ കൂടുതല്‍ കരുത്തോടെ തുടരുന്ന പോലീസിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊതുസ്ഥലത്ത് യുവതികളെ തടഞ്ഞുനിര്‍ത്തി ഹിജാബ് ധരിക്കാൻ പറയുന്നതും ഇറുകിയ വസ്ത്രങ്ങള്‍ മാറ്റിയില്ലെങ്കില്‍ ജീപ്പിലേക്ക് കയറി കസ്റ്റഡി വരിക്കാൻ പോലീസ് പറയുന്നതും വീഡിയോകളില്‍ വ്യക്തമാണ്.