1803 -നു ശേഷം സംഭവിക്കാത്ത ഒരു പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽനിന്നു ഈ വർഷം ഒരുമിച്ച് പുറത്തേക്ക് വരുന്നു.
ചുവന്ന കണ്ണുകളുള്ള സിക്കാഡ എന്നറിയപ്പെടുന്ന പ്രാണി വർഗമാണ് ഇത്തരത്തിലൊരു വിസ്മയ കാഴ്ച സമ്മാനിക്കുന്നത്. 17 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും 13 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും ഒരുമിച്ച് മണ്ണിന്റെ ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നു എന്നതാണ് ഈ വർഷത്തിന്റെ പ്രത്യേകത. 2024 -നു ശേഷം 221 വർഷങ്ങൾക്കപ്പുറം മാത്രമേ വീണ്ടും ഇവ ഒരേസമയം പുറത്തുവരുന്നത് കാണാനാവൂ. 1803 -ലാണ് രണ്ടുതരം സിക്കാഡകൾ ഒരുമിച്ച് പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ ചെലവഴിക്കുന്ന പ്രാണികളാണ് സിക്കാഡകൾ. ഇണയെ കണ്ടെത്തി വംശം നിലനിർത്തുന്നതിനായാണ് സിക്കാഡകൾ കൂട്ടമായി പുറത്തുവരുന്നത്. പുറത്തുവരുന്ന ഇവയ്ക്ക് നാലു മുതൽ ആറ് ആഴ്ച വരെ മാത്രമാണ് ആയുസ്സ്. അതായത് ഇണയെ കണ്ടെത്തി പ്രജനനം നടത്താനുള്ള ആയുസ്സ് മാത്രം. പെൺ വർഗ്ഗത്തെ ആകർഷിക്കാൻ ആൺ സിക്കാഡകൾ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഇത്രയധികം പ്രാണികൾ കൂട്ടമായി ഇത്തരത്തിൽ ശബ്ദം ഉണ്ടാക്കുന്നതിനാൽ ഇവയുടെ സാന്നിധ്യമുള്ള മേഖലകളിൽ എപ്പോഴും ഈ ശബ്ദം കേൾക്കാനാകും.
കൂട്ടമായി ഉയരുന്ന ഇവയുടെ സാന്നിധ്യം ഒരു മാസത്തോളം നീണ്ടുനിൽക്കും. പുറത്തു വരുന്ന സമയത്ത് ഒരു ഏക്കറിൽ ഏകദേശം 1.5 ദശലക്ഷം പ്രാണികളെങ്കിലും ഉണ്ടാവുമെന്നാണ് കണക്ക്. ബ്രൂഡ് XIII, ബ്രൂഡ് XIX എന്നീ പേരുകളിലാണ് ഈ വർഷത്തെ സിക്കാഡ ഗ്രൂപ്പുകൾ അറിയപ്പെടുന്നത്. ബ്രൂഡ് XIII ഇനത്തെ ഏറ്റവും അധികം കാണാനാവുന്നത് അയോവ, വിസ്കോൻസെൻ, മിഷിഗൻ എന്നിവിടങ്ങളിലായിരിക്കും.
ബ്രൂഡ് XIX ആവട്ടെ അലബാമ, അർകെൻസ, ജോർജിയ, കെന്റക്കി, ലൂസിയാന, നോർത്ത് കാരോലൈന, സൗത്ത് കരോലിന, ഓക്ലഹോമ, മിസിസിപ്പി, ടെനിസി, വെർജീനിയ തുടങ്ങിയ മേഖലകളിലും ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.