കാബൂള്‍: സര്‍വകലാശാല കാങ്കോര്‍ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് താലിബാനോട് അഭ്യര്‍ത്ഥിച്ച് അഫ്ഗാൻ പെണ്‍കുട്ടികള്‍.
സര്‍വകലാശാല എൻട്രി പരീക്ഷയില്‍ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞതായി അഫ്ഗാനിസ്ഥാൻ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം പരീക്ഷയില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പങ്കെടുക്കാൻ തങ്ങളെ അനുവദിക്കണമെന്നാണ് പെണ്‍കുട്ടികളുടെ അഭ്യര്‍ത്ഥന.
എൻട്രൻസ് പരീക്ഷാ ഫോമിനായി സ്കൂളില്‍ പോയെങ്കിലും പ്രവേശന പരീക്ഷാ കാര്‍ഡ് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാൻ ഏര്‍പ്പെടുത്തിയ എല്ലാ നിയമങ്ങളും വിദ്യാര്‍ത്ഥിനികള്‍ പാലിക്കുന്നുണ്ടെന്നും സ്കൂളുകളും സര്‍വകലാശാലകളും വീണ്ടും തുറന്നു നല്‍കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ താലിബാനോട് അഭ്യര്‍ത്ഥിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നും അല്ലെങ്കില്‍ അവര്‍ക്ക് രാജ്യത്തെ സേവിക്കാൻ സാധിക്കില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടികളുടെ പ്രവേശന പരീക്ഷയെക്കുറിച്ച് ഇപ്പോള്‍ ഒന്നും വ്യക്തമല്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷയെക്കുറിച്ച് താലിബാൻ ഇതുവരെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. രാജ്യത്തുടനീളമുള്ള 150,000 വിദ്യാര്‍ത്ഥികള്‍ക്ക് കാങ്കോര്‍ പ്രവേശന ഫോമുകള്‍ വിതരണം ചെയ്തതായി താലിബാൻ നിയോഗിച്ച ദേശീയ പരീക്ഷാ അതോറിറ്റി അറിയിച്ചു. എന്നാല്‍ അതില്‍ വിദ്യാര്‍ത്ഥിനികളുടെ പേരുകളില്ല.