സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ‘ആദിത്യ എല്‍-1’ പേടകം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ.).
സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാൻ എസ്. സോമനാഥ് അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കാനാണ് പദ്ധതിയെങ്കിലും ശ്രീഹരിക്കോട്ടയിലെത്തിച്ച ഉപഗ്രഹം വിക്ഷേപണ വാഹനത്തില്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നതേയുള്ളൂ. അതിനാല്‍ വിക്ഷേപണത്തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യ സൗരദൗത്യമാണ് ആദിത്യ എല്‍-1.
ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-1 (ലഗ്രാഞ്ച് പോയന്റ്-1) പോയന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പേടകത്തെയെത്തിക്കും. ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാനാകും. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. പേടകത്തിലെ ഏഴു പേലോഡുകള്‍ കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും പഠിക്കാൻ ശ്രമിക്കും.
വിസിബിള്‍ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി.), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (എസ്.യു.ഐ.ടി.), സോളാര്‍ ലോ എനര്‍ജി എക്സ്റേ സ്പെക്ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിൻഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്നെറ്റോമീറ്റര്‍ എന്നിവയാണ് പേലോഡുകള്‍.