വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ എല്ലാ അപ്ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ വിജയ്യുടെ ജന്മദിനത്തില് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ തന്നെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തില്‍ വിജയ്യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്ജുൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യില്‍ അഭിനയിക്കുന്നു.