കായംകുളം : കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രധാന കണ്ണി എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി.രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ് ഭരണകൂടം. കൂടാതെ, അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.
കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അബിൻ സി. രാജിനെ ഇന്നലെ അര്‍ധരാത്രിയിലാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാലിയിലായിരുന്ന അബിനെ രാത്രി 11.30 ഓടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്.
പ്രധാന പ്രതിയായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനു പിന്നാലെ അബിൻ സി. രാജും കസ്റ്റഡിയിലായതോടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇരുവരുടെയും സംഘടന കാലയളവില്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ക്കും പാര്‍ട്ടി ചുമതലക്കാര്‍ക്കും ഇതറിയാമായിരുന്നെന്ന വിവരവും നിഖില്‍ കൈമാറിയിട്ടുണ്ട്.
അബിനാണ് എറണാകുളത്തെ ഏജൻസി മുഖാന്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതെന്നാണ് നിഗമനം. ഒന്നാം പ്രതി നിഖില്‍ തോമസ് പൊലീസിന്റെ ചോദ്യങ്ങളോട് ശരിയായ നിലയില്‍ പ്രതികരിക്കുന്നില്ല. കരിപ്പുഴ തോട്ടിലേക്ക് എറിഞ്ഞതായി പറയുന്ന ഫോണിനെ സംബന്ധിച്ചും വ്യക്തത വരുത്താനായില്ല.