കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ നിന്ന് കണ്ടെത്തി. ഫോണിന്റെ ലൊക്കേഷൻ അവസാനം കാണിച്ചത് കരിപ്പൂരായിരുന്നു. അതേസമയം തട്ടിക്കൊണ്ട് പോകൽ സംഘത്തിലെ പ്രധാനിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും.
കോഴിക്കോട് കരിപ്പൂരിലുള്ള പെട്ടിക്കടയിൽ ഉപേക്ഷിച്ച നിലയിലാണ് മുഹമ്മദ് ഷാഫിയുടെ മൊബൈൽഫോൺ കണ്ടെത്തിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാന ലൊക്കേഷൻ കാണിച്ചത് കരിപ്പൂരിലായിരുന്നു. തട്ടിക്കൊണ്ടുപോയ വാഹനം ആദ്യം വയനാട്ടിലേക്കും പിന്നീട് കരിപ്പൂരിലേക്കും പോയന്ന് കണ്ടെത്തിയെങ്കിലും പിന്നീടെങ്ങോട്ട് നീങ്ങിയെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. പെട്ടിക്കടയിൽ തിരുകി വെച്ച നിലയിലാണ് ഫോൺ ഉണ്ടായിരുന്നത്. ഇത് ഇവർ കരിപ്പൂർ വിമാനത്താവളം വഴി ഷാഫിയെ വിദേശത്തേക്ക് കൊണ്ടുപോയെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാലിതുണ്ടായില്ലെന്നും ഷാഫിയുടെ പാസ്പോർട്ട് വീട്ടിൽ നിന്ന് കണ്ടെടുത്തെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഷാഫിയുടെ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ സംഘത്തിലെ പ്രധാനിയുടെ രേഖാചിത്രവും പൊലീസ് ഇന്ന് പുറത്ത് വിടും. ഷാഫിയുടെ ഭാര്യ സനിയയുടെ സഹായത്തോടെയാണ് രേഖചിത്രം തയ്യാറാക്കുന്നത്.
തട്ടിക്കൊണ്ടുപോകാനെത്തിയവരിൽ മാസ്കിടാത്ത ഷർട്ടിടാത്ത ഇയാൾ രണ്ട് ദിവസം മുമ്പ് ഷാഫിയെ തേടി വീട്ടിലെത്തിയിരുന്നെന്ന് ഭാര്യ സനിയ മൊഴി നൽകിയിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയ രണ്ട് കാറുകളുടേതും വ്യാജ നമ്പർ പ്ലേറ്റെന്ന് പൊലീസ് കണ്ടെത്തിട്ടുണ്ട്. ഇതോടെ കണ്ടെടുത്ത ഫോണിലെ വിവരങ്ങൾ കേന്ദ്രീകരിച്ചാവും തുടർ അന്വേഷണം. ഐജ് നീരജ് കുമാർ ഗുപ്തയും ഡിഐജി പി വിമലാദിത്യയും അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. അതേ സമയം ഷാഫിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അജ്നാസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരപ്പൻപൊയിൽ സ്വദേശി ഷാഫിയേയും ഭാര്യ സനിയയെയും അഞ്ജാത സംഘം തട്ടിക്കൊണ്ട് പോയത്. തുടർന്ന് സനിയയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഷാഫിയുമായി കടന്നുകളയുകയായിരുന്നു.