പത്തനംതിട്ട: മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു. ഇയാളെ അർദ്ധരാത്രിയോടെ പൊലീസ് കണ്ടെത്തി. മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെയാണ് വഴിയിൽ ഇറക്കിവിട്ടത്. ഇദ്ദേഹത്തെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. സംഭവത്തിൽ പ്രതികളെ പറ്റി പൊലീസിന് സൂചന ലഭിച്ചു. പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് കാണാതായ അജേഷ്കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മലയാലപ്പുഴയിൽ നിന്ന് പാല വഴി തൃശ്ശൂർ ഭാഗത്തേക്കാണ് വാഹനം പോയത്. തട്ടികൊണ്ട് പോകാനുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. അജേഷിന്റെ ഫോണിലെ ചില വീഡിയോകൾ ആവശ്യപ്പെട്ടാണ് അഞ്ചംഗ സംഘം എത്തിയതെന്നാണ് സൂചന. പ്രതികൾ വീട്ടിലെത്തിയ സമയം ഏതോ വീഡിയോ സംബന്ധിച്ച് പറഞ്ഞതായി അജേഷിന്റെ അമ്മയും മൊഴി നൽകിയിട്ടുണ്ട്. അജേഷ്കുമാറിന്റെ ഫോൺ നിലവിൽ പൊലിസ് കസ്റ്റഡിയിലാണ്.