കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്കും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. പുതിയ വെളിപ്പെടുത്തൽ അനുസരിച്ചാണ് ശുഹൈബ് കേസിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടുന്നതെന്ന് ടി സിദ്ധിഖ് പറഞ്ഞു. തുടർന്നായിരുന്നു ആകാശ് തില്ലങ്കേരിക്കും സിപിഎമ്മിനും ഇടയിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം പ്രസംഗിച്ചത്.
ജന്മി കുടിയാൻ പോരാട്ടം നടന്ന തില്ലങ്കേരിയിൽ ഇപ്പോൾ പുതിയ പോരാട്ടമാണ് നടക്കുന്നത്. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്. ഷുഹൈബ് വധക്കേസിൽ 11 പ്രതികളും സിപിഎം ക്വട്ടേഷൻ സംഘമാണ്. പ്രതികളെ പുറത്താക്കിയ പാർട്ടി സിപിഎം ആണ്. ആകാശ് തില്ലങ്കേരിയും ഷുഹൈബുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധം മാത്രമായിരുന്നു.കൊലപാതകത്തിലേ ഒന്നം പ്രതിയുടെ വെളിപ്പെടുത്താലിന്റെ സാഹചര്യത്തിൽ തുടർ അന്വേഷണം വേണമെന്ന് ടി സിദ്ധിഖ് ആവശ്യപ്പെട്ടു. സിപിഎമ്മിന് കൊലയിൽ ബന്ധമില്ലെങ്കിൽ പ്രതികൾക്കു വേണ്ടി കോടതിയിൽ ലക്ഷങ്ങൾ മുടക്കി വക്കീലന്മാരെ കൊണ്ടുവന്നത് ആരാണ്? ആകാശ് തില്ലങ്കേരി സിപിഎമിന്റെ മടിയിലാണ്. അല്ലെങ്കിൽ എന്തിനാണ് പേരുകേട്ട അഭിഭാഷകരെ വച്ചതെന്നും അദ്ദേഹം ചോദിച്ചു
ഷുഹൈബ് വധക്കേസ് പ്രതികൾ വിഐപി ക്വട്ടേഷൻ പ്രതികളാണെന്ന് ടി സിദ്ധിഖ് പറഞ്ഞു. എന്നെ കൊണ്ട് ചെയ്യിച്ചതെന്ന് പ്രതി പറയുന്നു. ഇതിലും വലിയ തെളിവ് വേണോ? പ്രതികൾക്ക് നിയമപരമായ സഹായം മാത്രമല്ല ലഭിച്ചിട്ടുള്ളത്. ഇവർ ജയിലിൽ പോയപ്പോൾ ഒന്നാം പ്രതിക്ക് കണ്ണൂർ ജയിലിൽ വച്ച് തന്റെ കാമുകിയുമായി 6 മണിക്കൂർ കാമുകിയുമായി സല്ലപിക്കാൻ സൗകര്യം ചെയ്ത് കൊടുത്തു. സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ പറയുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി.