കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 ആഗസ്റ്റ് 11 ന് ചെറായി ബീച്ചിൽ വെച്ച് എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുകയായിരുന്ന ശീതൾ പ്രശാന്തുമായി അടുപ്പത്തിലായിരുന്നു.
ശീതളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു കൊലപാതകം. സംഭവ ദിവസം ബീച്ചിലെത്തിയ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് പ്രശാന്ത് കത്തി ഉപയോഗിച്ച് ശീതളിനെ ആക്രമിക്കുകയായിരുന്നു. ശീതളിന് പത്തിലേറെ കുത്തേറ്റു. ഓടി രക്ഷപ്പെട്ട ശീതൾ സമീപത്തെ റിസോർട്ടിൽ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. റിസോർട്ട് ജീവനക്കാർ ശീതളിനെ പറവൂരിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.