ഫ്ലോറിഡ: മൂന്ന് വയസുള്ള സ്വന്തം മകനെ ഒരാഴ്ചയ്ക്കകം കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച യുവതി അറസ്റ്റില്‍. അമേരിക്കയില്‍ ഫ്ലോറിഡയിലാണ് സംഭവം. 18 വയസുകാരിയായ ജാസ്മിന് പേസ് എന്ന യുവതിയാണ് അറസ്റ്റിലായത്. കൊലപാതകത്തിനുള്ള ഗൂഡാലോചന, വിവരവിനിമയ ഉപകരണങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.വാടക കൊലയാളികളെ ലഭ്യമാക്കുന്നതിനെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വെബ്സൈറ്റ് വഴിയാണ് ഇവര്‍ മകനെ കൊല്ലാന്‍ കൊലയാളിയെ അന്വേഷിച്ചത്. മൂന്ന് വയസുകാരനെ ഒരാഴ്ചയ്ക്കകം കൊല്ലണമെന്നായിരുന്നു ആവശ്യം. കുട്ടിയുടെ ഫോട്ടോകളും മറ്റ് വിശദ വിവരങ്ങളുമെല്ലാം ഇവര്‍ വെബ്സൈറ്റില്‍ നല്കി. എന്നാല്‍ വാടക കൊലയാളികളെ നല്‍കാമെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന വെബ്സൈറ്റ് വ്യാജമായിരുന്നു. ഇതിന്റെ ഉടമ വിവരം പൊലീസിന് കൈമാറി.