ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ മധ്യവയസ്കയെ ആക്രമിച്ച് ബോധം കെടുത്തി ഏഴു പവന് സ്വര്‍ണം കവര്‍ന്നതായി പരാതി. തൃക്കുന്നപ്പുഴ പതിയാങ്കര പൊട്ടന്റെ തറയില്‍ സല്‍മത്തിന്റെ (51) സ്വര്‍ണ്ണമാണ് കവര്‍ന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ടാങ്കില്‍ വെള്ളം നിറക്കുന്നതിന് പൈപ്പിന്റെ നോബ് തിരിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. വീടിന് സമീപത്ത് ഒളിച്ചിരുന്ന മോഷ്ടാവ് സല്‍മത്തിന്റെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. അക്രമത്തില്‍ സല്‍മത്തിന്റെ ബോധം നഷ്ടപ്പെട്ടതോടെ, മോഷ്ടാവ് മാലയും വലത് കൈയിലെ മൂന്ന് വളയും ഊരിയെടുത്തു. ഇടത് കയ്യിലെ വള ഊരാന്‍ ശ്രമിച്ചെങ്കിലും മുറുകി കിടന്നതിനാല്‍ നടന്നില്ല. ഇതോടെ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.