കാലത്തിനും പ്രായത്തിനും ദേശത്തനും അതീതമായ വികാരമാണ് പ്രണയമെന്നാണ് പൊതുവിൽ പറയാറ്. പ്രണയം ഏത് നിമിഷത്തിൽ വേണമെങ്കിലും പൂവണിയാമെന്നും അതിന് കാലവും പ്രായവും ദേശവുമൊന്നും ഒരു തടസമല്ലെന്നും തെളിയിക്കുകയാണ് 78 കാരനായ ഈ കാമുകനും അദ്ദേഹത്തിന്റെ പ്രണയിനിയും. നീണ്ട 63 വർഷത്തെ കാത്തിരിപ്പ് ശേഷമാണ് 78 കാരനായ തോമസ് മക്മീകിൻ, തന്റെ ഹൈസ്കൂൾ ക്രഷായ നാൻസി ഗാംബെല്ലിനോട് പ്രണയം തുറന്ന് പറയുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തത്. ഇരുവരും തമ്മിൽ പ്രണയാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.ടാമ്പ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് തോമസ് മക്മീകിൻ അരനൂറ്റാണ്ടിന് മേലെ താൻ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയം നാൻസി ഗാംബെല്ലിനോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രണയാഭ്യർത്ഥ നാൻസി ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ചുറ്റുമുണ്ടായിരുന്ന കാഴ്ചക്കാർ ഇരുവരെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഹൃദയസ്പർശിയായ ഈ ഒത്തുചേരൽ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. എയർപോർട്ടിലെ തിരക്കില്‍ അക്ഷമയോടെ തന്റെ പ്രണയിനിയെ കാത്തു നിൽക്കുന്ന തോമസ് മക്മീകിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുക. അൽപ്പ സമയം കഴിഞ്ഞതും വിമാനമിറങ്ങി വരുന്ന നാൻസിയെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുന്നു.