കാസര്‍കോട്: കാസര്‍കോട് തൃക്കരിപ്പൂരില്‍ പരത്തിച്ചാലില്‍ ഗൃഹനാഥനെ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പരത്തിച്ചാലിലെ വീട്ടിനുള്ളിലെ കിടപ്പ് മുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു ബാലകൃഷ്ണന്റെ മൃതദേഹം. 54 വയസായിരുന്നു. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണം. വര്‍ഷങ്ങളായി വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു ബാലകൃഷ്ണന്. സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവിനെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ബാലകൃഷ്ണന്റെ വീടിന് സമീപത്ത് താമസിക്കുന്ന സഹോദരന് ഇന്ന് രാവിലെ വീടിനടുത്ത് രക്തം കണ്ടതോടെ ചന്തേര പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ബാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.