മാവേലിക്കര: മാവേലിക്കരയിൽ അച്ചൻ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അമ്മ ആതിരക്ക് പിന്നാലെ മൂന്നുവയസ്സുള്ള കാശിനാഥാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ഒഴുക്ക് ശക്തമായതിനേ തുടര്‍ന്ന് കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിയിരുന്നു.ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപത്ത് വച്ചാണ് ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ ഇന്നലെ മരിച്ചിരുന്നു. അപകട സ്ഥലത്തിന് സമീപത്ത് നിന്നാണ് രക്ഷാപ്രവർത്തകർ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തിയത്. ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്പില്‍ സൈലേഷിന്റെ ഭാര്യ ആതിര എസ്. നായര്‍ ആണു മരിച്ചത്. ഇവരുടെ മകന് 3 വയസുള്ള കാശിനാഥനെ ആണ് കാണാതായത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടമുണ്ടായത്.
ഡ്രൈവറടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മാവേലിക്കര ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ അടക്കം മൂന്ന് പേരെ നാട്ടുകര്‍ രക്ഷപ്പെടുത്തിയിരുന്നു. ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ്, മകള്‍ കീര്‍ത്തന, ഓട്ടോ ഡ്രൈവര്‍ സജു എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.