നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. നാസി ചിഹ്നങ്ങള്‍ പരസ്യമായി പ്രദർശിപ്പിച്ചാൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. തീവ്ര വലതുപക്ഷത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിനിടെ ഇത്തരം ഗ്രൂപ്പുകളെ അടിച്ചമർത്തുക എന്നതാണ് നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
‘ഹോളോകോസ്റ്റിന്റെ ഭീകരതയെ മഹത്വപ്പെടുത്തുന്ന ചിഹ്നങ്ങൾക്ക് ഓസ്‌ട്രേലിയയിൽ സ്ഥാനമില്ല’ പുതിയ നിയമനിർമ്മാണം പ്രഖ്യാപിച്ചുകൊണ്ട് അറ്റോർണി ജനറൽ മാർക്ക് ഡ്രെഫസ് പറഞ്ഞു. നാസികളുടെതായ ഒരുവസ്തുവും പ്രദര്‍ശിപ്പിക്കുന്നതിനും, അതിന്റെ വില്‍പ്പനയിലൂടെ ലാഭമുണ്ടാക്കുന്നതിനും ആരെയും അനുവദിക്കില്ല എന്നും അറ്റോർണി ജനറൽ മാർക്ക് ഡ്രെഫസ് കൂട്ടിച്ചേര്‍ത്തു. നാസി പതാകകൾ, ആം ബാൻഡുകൾ, ടി-ഷർട്ടുകൾ, ചിഹ്നങ്ങൾ എന്നിവയ്ക്കും, നാസി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ചിഹ്നങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം നാസി ചിഹ്നങ്ങള്‍ക്ക് വിലക്കുണ്ട്. അതേസമയം വിദ്യാഭ്യാസം, കലാപരമായ കാര്യങ്ങള്‍, സാഹിത്യം,പത്രപ്രവർത്തനം എന്നിവയ്ക്ക് പുറമേ ശാസ്ത്രീയ ആവശ്യങ്ങൾക്കും നാസി ചിഹ്നങ്ങള്‍ ഉപയോഗിക്കാൻ അനുവാദമുണ്ട്.