മുംബൈ: മുംബൈയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിൽ 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. ശരീരഭാഗങ്ങൾ കുക്കറിൽ പാകം ചെയ്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്.
പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്ന് അഴുകിയ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.