ആലപ്പുഴ: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിൻ്റെ വില നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ മന്ത്രിമാരുടെ അദാലത്ത് നടക്കുന്ന വേദിയിലേക്ക് കോൺഗ്രസ് മാർച്ച്. പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് ഉപരോധിച്ച കൊടിക്കുന്നിൽ സുരേഷിനെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അരമണിക്കൂറോളം എസി റോഡിൽ കുത്തിയിരുന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രവർത്തകർ അദാലത്ത് നടക്കുന്ന വേദിയിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്.
മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ ഡിവൈഎസ്പി ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ലാത്തിചാർജ്ജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ എസി റോഡ് ഉപരോധിച്ചത്. കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്ന പ്രധാന ആരോപണം നെല്ല് സംഭരിച്ച വകയിൽ ഇപ്പോഴും കർഷകർത്ത് 700 കോടിയാണ് നൽകാനുള്ളത് എന്നാണ്. പലരും വട്ടിപ്പലിശക്ക് വായ്പ എടുത്ത് കൃഷിയിറക്കിയവർ പട്ടിണിയിലാണ്. മാത്രമല്ല അടുത്ത കൃഷിയിറക്കേണ്ട സമയമായി. അതിനുള്ള പണം പോലും കർഷകരുടെ കൈവശമില്ല. കർഷകരോട് കടം പറഞ്ഞ് മുഖ്യമന്ത്രി വിദേശത്ത് ഉല്ലസിക്കാൻ പോകുന്നു. അത് അനുവദിക്കാൻ കഴിയില്ല. ആദ്യം പണം തരൂ, എന്നിട്ട് മതി വിദേശയാത്ര എന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്.അറസ്റ്റ് ചെയ്ത് നീക്കിയ കൊടിക്കുന്നിൽ സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി സ്റ്റേഷനിൽ വെച്ചാണ് ദേഹസാസ്ഥ്യം അനുഭവപ്പെട്ടത്. സി ടി സ്കാൻ, എംആർഐ എന്നീ പരിശോധനകൾ നടത്തി.