ക്യാൻബേറ.. ക്യാൻബേറ കത്തോലിക്കാ കോൺഗ്രസ് ആരംഭംകുറിക്കുന്ന തണൽ ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ പങ്ക് വെയ്ക്കലാണ് എന്ന് കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. തണൽ എന്ന പ്രോഗ്രാം ക്യാൻബേറ സെന്റ് ജോസഫ് പാരിഷ് ഹാളിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ലോകത്തിന്റെ എവിടെയാണെങ്കിലും കൂട്ടായ്മയിലും സ്നേഹത്തിലും ഒരുമിച്ചു നിന്നാൽ മാത്രമേ നമ്മുടെ പൂർവികർ നേടിത്തന്ന ഈ ജീവിത വിജയം മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കുകയുള്ളു എന്ന് ബിഷപ് പറഞ്ഞു. ഓസ്ട്രേലിയയിൽ നല്ല സമുദായ കൂട്ടായ്മ രൂപപ്പെട്ടു വരുന്നതിൽ ബിഷപ്പ് ഭാരവാഹികളെ അഭിനന്ദിച്ചു.ജീവിതത്തിന്റെ നാനാ തുറയിൽ ഉള്ളവർ ഒരുമിക്കുമ്പോൾ സമുദായത്തിന്റെ ശക്തി വർദ്ധിക്കുമെന്നും അതിനാൽ എല്ലാ സമുദായ അംഗങ്ങളും ഒറ്റകെട്ടായി നിലകൊള്ളണം എന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. കേരളത്തിൽ നിന്ന് ആളുകൾക്ക് കുടിയേറുവാൻ ഏറ്റവും മികച്ച രാജ്യം ആണ് ഓസ്ട്രേലിയ എന്നും അതിനായി എല്ലാവിധ സഹായവും കത്തോലിക്കാ കോൺഗ്രസ് ചെയ്തു കൊടുക്കണം എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ക്യാൻബേറ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബെൻഡിക്റ്റ് ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വികാരി ഫാ ബിനീഷ് നരിമറ്റം , പ്രസിഡന്റ് ഓസ്ട്രേലിയ ജോണികുട്ടി തോമസ്, ഭാരവാഹികളായ ജോജോ മാത്യു, ജോബി ജോർജ്, തോമസ് ജോൺ, ബെന്നി കമ്പമ്പുഴ, ജോർജി പുല്ലാട്ട്, ബിജു തോമസ്, ജോസ് തോമസ്, റോയ് ജോസഫ്, ബിജു പുളിക്കാട്ട്, യുത്ത് പ്രതിനിധി ജോർജ് കെ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. നല്ലതും ഉപയോഗപ്രദമായ ഫർണിച്ചറുകളുടെയും വീട്ടുപകരണങ്ങളുടെയും ബാങ്ക്, ഹെല്പ് ഡസ്ക് ഉൾപ്പെടെ നിരവധി സേവനങ്ങൾ തണൽ എന്ന പ്രോഗ്രാമിലൂടെ പുതിയതായി ഓസ്ട്രേലിയയിലേക്ക് വരുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.