മെൽബൺ സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനംതോട്ടത്തിൽ അഭിഷിക്തനായി. മെൽബണിലെ ക്യാമ്പെൽഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ്) മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.
യുറോപ്പിലെ സീറോമലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ജഗ്ദൽപുർ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള 30 ഓളം ബിഷപ്പുമാരും മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന മുഴുവൻ വൈദികരും ഓസ്‌ട്രേലിയയിലും ന്യുസിലാൻഡിലും മറ്റു രൂപതകളിൽ സേവനം അനുഷ്ഠിക്കുന്ന മലയാളി വൈദികരും രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തോളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.