ഗുരുഗ്രാം: അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും വാഹനത്തിന് മുകളില്‍ കയറി നൃത്തം ചെയ്യാന്‍ ശ്രമിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ ദിവസേന രാജ്യത്ത് കൂടിവരികയാണ്. ഇതിനിടയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത യുവാവിനെ തിരയുകയാണ് പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
സാമാന്യം നല്ല സ്പീഡില്‍ പോകുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. വാഹനത്തിന്‍റെ നമ്പര്‍ വച്ച് ഉടമയ്ക്ക് ഇതിനോടകം 6500 പിഴ ഇട്ടെങ്കിലും പൊലീസിനും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റിനും ഇനിയും പിടി നല്‍കിയിട്ടില്ല അതിസാഹസം കാണിച്ച യുവാവ്.നിയമ ലംഘനത്തിന് ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ലോകേഷ് എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതലാണ് വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായത്.