ഭൂമിയിലെ ജീവജാലങ്ങളില്‍ മനോഹരമായ സൃഷ്ടികളിലൊന്നാണ് പൂമ്പാറ്റകള്‍. ഒരേ നിറത്തിലുള്ള അനേകം പൂമ്പാറ്റകളെയോ അത്യപൂര്‍വ്വമായ ശലഭങ്ങളെയോ കണ്ടാല്‍ ആരായാലും ഒന്ന് കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കും. മറ്റെല്ലാ ജീവികളെയും പോലെ അവയ്ക്കും അവയുടേതായ ചില കര്‍ത്തവ്യങ്ങള്‍ ഭൂമിയില്‍ നിര്‍വഹിക്കേണ്ടതുണ്ട്. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആശാവഹമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും യൂറോപ്പില്‍ നിന്നും. യൂറോപ്പില്‍ ചിത്രശലഭങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍, അത് അത്ര ചെറിയ ഒരു പ്രശ്നമല്ലെന്നും ചിത്രശലഭങ്ങളുടെ നിലനില്‍പ്പ് ആവാസവ്യസസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു, പ്രത്യേകിച്ചും കാര്‍ഷിക മേഖലയ്ക്ക്.
ഫ്രാൻസിന്‍റെ ജൈവ വൈവിധ്യ നിരീക്ഷണ കേന്ദ്രമായ (Observatoire National de la Biodiversité – ONB) 2022-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ഫ്രാൻസിലെ മെയിൻലാൻഡിൽ വസിക്കുന്ന 301 ഇനം ചിത്രശലഭങ്ങളിൽ, 200 എണ്ണം കഴിഞ്ഞ നൂറ്റാണ്ടിന് ശേഷം ഏതെങ്കിലും ഒരു പ്രദേശത്ത് നിന്നെങ്കിലും അപ്രത്യക്ഷമായിട്ടുണ്ട്. മൊത്തത്തിൽ, ഇത് 66% സ്പീഷീസുകളെയാണ് പ്രതിനിധീകരിക്കുന്നത്. മാത്രമല്ല, യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ കണക്കനുസരിച്ച്, 20 വർഷത്തിനുള്ളിൽ യൂറോപ്പിലെ പകുതിയോളം പുൽമേടിലെ ചിത്രശലഭങ്ങളും അപ്രത്യക്ഷമായി. എന്നാൽ ചിത്രശലഭങ്ങളുടെ ഭീഷണിയുടെ വ്യാപ്തി പലർക്കും ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ‘തേന്‍റെ ആവശ്യത്തിനായി തേനീച്ച ഒഴികെ ആവാസവ്യവസ്ഥയില്‍ മറ്റ് പ്രാണി വര്‍ഗ്ഗങ്ങള്‍ വഹിക്കുന്ന പങ്ക് ഇപ്പോഴും ഭൂരിപക്ഷം പേര്‍ക്കും മനസിലായിട്ടില്ലെന്ന്’ ഫ്രാൻസിലെ മ്യൂസിയം നാഷണൽ ഡി ഹിസ്റ്റോയർ നേച്ചർ അവരുടെ വെബ്സൈറ്റില്‍ പറയുന്നു.
പരാഗണകാരികളായ പ്രാണികളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ, ചിത്രശലഭങ്ങളും ജൈവവൈവിധ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്, മാത്രമല്ല അവ പല കാർഷിക വിളകൾക്കും അമൂല്യമായ സംഭാവനയാണ് നല്‍കുന്നത്. കാരണം അവ പൂമ്പൊടിയുടെ 80% ത്തിലധികം വഹിച്ചു കൊണ്ടുപോകുന്നു. അതിനേക്കാളേറെ അവ ഭക്ഷ്യ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ്, ചിലന്തികൾ, പല്ലികൾ, പക്ഷികൾ എന്നിവയുൾപ്പെടെ നിരവധി വേട്ടക്കാരുടെ ഭക്ഷണം കൂടിയാണ് ചിത്രശലഭങ്ങള്‍.
ആവാസവ്യവസ്ഥയുടെ നാശമാണ് ചിത്രശലഭങ്ങളുടെ നാശത്തിന്‍റെ തോത് ഉയര്‍ത്തുന്നത്. കാര്‍ഷിക മേഖലയിലുപയോഗിക്കുന്ന അമിത കീടനാശിനി പ്രയോഗം ഇതിനൊരു കാരണമാണ്. നഗരവൽക്കരണം, തണ്ണീർത്തടങ്ങൾ വറ്റിക്കൽ, വനനശീകരണം, വിപുലമായ കന്നുകാലി വളർത്തൽ എന്നിവയാൽ പൂമ്പാറ്റകളുടെ പ്രകൃതിദത്ത ജൈവ പ്രദേശങ്ങൾ നശിപ്പിക്കപ്പെടുന്നതിനാൽ പുൽമേടിലെ ചിത്രശലഭങ്ങളുടെ എണ്ണത്തെയും ഇത് ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന വരൾച്ച, മലിനീകരണം എന്നിവയും ഇവയുടെ വംശവര്‍ദ്ധനവിന് തടയിടുന്നു. കീടനാശിനിയുടെ പ്രയോഗം കുറച്ചാല്‍ തന്നെ കാര്യമായ മാറ്റം ഈ രംഗത്ത് ഉണ്ടാകുമെന്ന് വിദഗ്ദര്‍ പറയുന്നു. മാത്രമല്ല. പ്രകൃതിയിലുള്ള മനുഷ്യന്‍റെ അമിത പ്രയോഗം ഇല്ലാതാക്കി, ഭൂമിയെ അതിന്‍റെ ജൈവാവസ്ഥയില്‍ തിരിച്ച് വിടുക തുടങ്ങിയവ ചെയ്താല്‍ പൂമ്പാറ്റകളുടെ വംശവര്‍ദ്ധനവ് സാധ്യമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാണ് എന്നതാണ് പ്രധാന വെല്ലുവിളിയെന്നും പഠനം പരാമര്‍ശിക്കുന്നു.