പെർത്ത്: പ്രായാധിക്യവും രോഗങ്ങളും അവശരാക്കിയാലും അധികാരത്തിൽ നിന്നൊഴിയാത്ത ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് ഓസ്ട്രേലിയയിൽ നിന്നൊരു മാതൃക. പടിഞ്ഞാറൻ ഓസ്ട്രേലിയൻ സംസ്ഥാനത്തെ 2017 മുതൽ നയിക്കുന്ന പ്രീമിയർ മാർക് മക്ഗോവൻ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നു. ഇതോടൊപ്പം പ്രീമിയർ സ്ഥാനത്തു നിന്നുള്ള രാജി പ്രഖ്യാപനവും അദ്ദേഹം നടത്തി.വാർത്താ സമ്മേളനത്തിലാണ് 55 വയസുകാരനായ പ്രീമിയറുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനമുണ്ടായത്. ഏറെ നാളായുള്ള തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിന്റെ സമ്മർദം മൂലം താൻ ക്ഷീണിതനാണെന്ന് മാർക് മക്ഗോവൻ വെളിപ്പെടുത്തി. രാജി പ്രഖ്യാപനം നടത്തുമ്പോൾ ഭാര്യ സാറാ മക്ഗോവനും അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു
മാർക് മക്ഗോവന്റെ അപ്രതീക്ഷിത പ്രഖ്യാപനം അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ ആഴ്ച അവസാനത്തോടെ താൻ പ്രീമിയർ സ്ഥാനമൊഴിയുമെന്ന് മാർക് മക്ഗോവൻ അറിയിച്ചു. റോക്കിംഗ്ഹാമിൽ നിന്നുള്ള പാർലമെന്റ് അംഗത്വവും ഉപേക്ഷിക്കും.’ആളുകളെ സഹായിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക, തീരുമാനങ്ങൾ എടുക്കുക, അതിന്റെ ഫലം അനുഭവിച്ചറിയുക തുടങ്ങിയ വെല്ലുവിളികൾ താൻ ഇഷ്ടപ്പെടുന്നു. സ്വാഭാവികമായും തർക്കത്തിൽ ഏർപ്പെടുന്ന ആളല്ല താൻ. പക്ഷേ, രാഷ്ട്രീയ ജീവിതത്തിൽ എല്ലാ ദിവസവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ തർക്കങ്ങളിലും സംവാദങ്ങളിലും ഏർപ്പെടേണ്ടതുണ്ട്. തനിക്ക് അത് മടുത്തതായി മാർക് മക്ഗോവൻ വെളിപ്പെടുത്തി.’അതാണ് രാഷ്ട്രീയ ജീവിതം, അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്മാറണം’ – അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
താൻ ഇപ്പോഴും ലേബർ പാർട്ടിയിൽ വിശ്വസിക്കുന്നുവെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മക്ഗോവൻ പറഞ്ഞു. അതേസമയം, പ്രീമിയർ റോളിൽ തുടരാൻ ആവശ്യമായ ഊർജവും ആവേശവും തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തതായി ഇനി എന്താണു ചെയ്യുക എന്നതു സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
2017 മാർച്ചിലാണ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ പ്രീമിയറായി വലിയ ജനസമ്മതിയോടെ മാർക് മക്ഗോവൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതുകൂടാതെ പ്രതിപക്ഷ നേതാവ്, മന്ത്രി, ഷാഡോ മന്ത്രി പാർലമെന്ററി സെക്രട്ടറി, റോക്കിംഗ്ഹാമിലെ പാർലമെന്റ് അംഗം എന്നീ നിലകളിൽ 26 വർഷത്തോളമായി പാർലമെന്റിൽ സേവനമനുഷ്ഠിക്കുകയാണ്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ലേബർ പാർട്ടിയെ നയിക്കാൻ തുടങ്ങിയിട്ട് 11 വർഷത്തിലേറെയായി. ഇത്തരത്തിൽ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് മാർക് മക്ഗോവന്റെ പടിയിറക്കം.
കോവിഡ് മഹാമാരിക്കാലത്തെ മക്ഗോവന്റെ നേതൃത്വവും രോഗ പ്രതിരോധ നടപടികളും ലോക ശ്രദ്ധനേടിയിരുന്നു .ലോക്ഡൗണിനൊപ്പം കടുത്ത അതിർത്തി നിയന്ത്രണങ്ങളും ജനപ്രീതിനേടിക്കൊടുത്തതിനൊപ്പം വിമർശനങ്ങളും രൂക്ഷമായി. എന്നാൽ വിമർശനങ്ങളെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ നേരിട്ട നേതാവായിരുന്നു മക്ഗോവൻ.തന്റെ കടുത്ത തിരുമാനങ്ങൾ പടിഞ്ഞാൻ ഓസ്ട്രേലിയക്കാരെ സുരക്ഷിതമായി നിലനിർത്താൻ സഹായിച്ചതായും ഓസ്ട്രേലിയയുടെ മറ്റ് സംസ്ഥാനങ്ങൾ ബുദ്ധിമുട്ടുമ്പോൾ പടിഞ്ഞാൻ ഓസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥ കരുത്താർജിച്ചതായും അദ്ദേഹം വാദിച്ചിരുന്നു.
നിർബന്ധിത കോവിഡ് വാക്സിനേഷന്റെ പേരിൽ മക്ഗോവനും കുടുംബത്തിനും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. മഹാമാരിയിലുടനീളമുള്ള രാഷ്ട്രീയ സമ്മർദം രാജിവയ്ക്കാനുള്ള തന്റെ തീരുമാനത്തിൽ മുഖ്യപങ്ക് വഹിച്ചതായി പ്രീമിയർ പറഞ്ഞു.ദീർഘകാലം പ്രീമിയറായിരുന്ന കോളിൻ ബാർനെറ്റിന്റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്കെതിരെ 2017-ൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് മക്ഗോവന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി അധികാരത്തിലെത്തിയത്.ഡെപ്യൂട്ടി പ്രീമിയർ റോജർ കുക്കോ ആരോഗ്യമന്ത്രി ആംബർ-ജേഡ് സാൻഡേഴ്സണോ മക്ഗോവന്റെ പിൻഗാമിയായേക്കുമെന്ന് സൂചനകളുണ്ട്.