കോഴിക്കോട് : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കോഴിക്കോട് എത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാറിനെ സന്ദർശിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എന്നീ വിവിധ നിലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് കാന്തപുരം. കാതോലിക്ക ബാവയുടെ മത സൗഹാർദ്ദ ചിന്തയുടെ ഭാഗമായാണ് കാന്തപുരത്തിനെ സന്ദർശിക്കാനായി പരിശുദ്ധ കാതോലിക്ക ബാവ കോഴിക്കോട് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കേരളത്തിലെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കണ്ട് അതുവഴി സാമൂഹിക ഐക്യത്തിന്റെ സന്ദേശം പകരുകയുമാണ് കൂടികഴ്ച്ചയുടെ ലക്ഷ്യം.
കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അതുവഴി ഒരു പരിധിവരെ അത് ജനങ്ങളുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും കാന്തപുരം പ്രശംസിച്ചു. അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകികൊണ്ടായിരുന്നു പരിശുദ്ധ ബാവയെ അനുമോദിച്ചത്. പരിശുദ്ധ കാതോലിക്ക ബാവയുടെ ‘സഹോദരൻ’ പദ്ധതി ഏറ്റവും വലിയ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. കാതോലിക്ക ബാവയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ കാന്തപുരത്തിന് ബാവ തിരുമേനി ആദരവോടെ നന്ദി അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഒരു വ്യക്തി മാത്രമല്ലെന്നും ഒരു പാഠപുസ്തകമാണെന്നും ബാവാതിരുമേനി പ്രശംസിച്ചു. അദ്ദേഹത്തിന്റെ അറിവ്, പാണ്ഡിത്യം, സാമൂഹിക നീതിബോധം എന്നിവ ഏറെ ശ്രദ്ധേയമാണെന്നും അവയെ വളരെയേറെ ബഹുമാനത്തോടെയാണ് ജനങ്ങൾ കാണുന്നതെന്നും ബാവാതിരുമേനി അഭിപ്രായപ്പെട്ടു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പരിശുദ്ധ ബാവക്കൊപ്പം ഉണ്ടായിരുന്നു. സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എപി അബ്ദുൽ ഹക്കീം അസ്ഹരി, മർകസ് പ്രൊ. ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വാഹിദ് മാവുങ്കൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.