പങ്കാളിക്ക് ദീർഘകാലം ശാരീരികബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണ് എന്ന് അലഹാബാദ് ഹൈക്കോടതി. ഇതേ കാരണം കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട വാരണസി സ്വദേശിയുടെ വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
വാരണസി സ്വദേശിയായ രവീന്ദ്ര പ്രതാപ് യാദവ് എന്നയാളാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ ഇയാൾ വാരണസി കോടതിയെ സമീപിച്ചിരുന്നു എങ്കിലും വിവാഹമോചനം അനുവദിച്ച് കിട്ടിയിരുന്നില്ല. രവീന്ദ്ര പ്രതാപ് യാദവ് പറയുന്നത് പ്രകാരം 1979 -ലായിരുന്നു ഇയാളുടേയും ഭാര്യയായിരുന്ന ആശാദേവിയുടെയും വിവാഹം. ശേഷം (Gauna ceremony -ക്ക് ശേഷം) ഭാര്യ ഇയാളുടെ വീട്ടിലെത്തി. എന്നാൽ, എത്തിയതിന് പിന്നാലെ തന്നെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഭാര്യ തനിക്ക് ശാരീരികബന്ധം നിഷേധിച്ചു എന്നും രവീന്ദ്ര പ്രതാപ് യാദവ് പറയുന്നു. പിന്നാലെ, ഒരു ദിവസം ആശാദേവി അവരുടെ വീട്ടിലേക്ക് പോയി. പിന്നീട് മടങ്ങി വരാൻ കൂട്ടാക്കിയില്ല. ആറ് മാസത്തിന് ശേഷം രവീന്ദ്ര പ്രതാപ് യാദവ് അവരെ തിരികെ എത്തിക്കാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. ശേഷം സമുദായം പഞ്ചായത്ത് കൂടി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു. ആശാദേവിക്ക് 22,000 രൂപ നഷ്ടപരിഹാരവും നൽകി എന്നും രവീന്ദ്ര പ്രതാപ് യാദവ് പറയുന്നു. ആശാദേവി പിന്നീട് വേറെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ, നിയമപരമായി ബന്ധം വേർപെടുത്താൻ രവീന്ദ്ര പ്രതാപ് യാദവ് വാരണസി കോടതിയെ സമീപിച്ചു. എന്നാൽ, 2005 -ൽ അത് തള്ളിപ്പോയി. പിന്നാലെയാണ് വൈവാഹികബന്ധത്തിലുള്ള ഒരു കടമയും ആശാദേവി നിറവേറ്റുന്നില്ല എന്നും വൈവാഹികബന്ധത്തോട് ഒരു താല്പര്യവുമില്ല എന്നും കാണിച്ച് ഇയാൾ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്.
പിന്നാലെ, കോടതി ഇയാൾക്ക് അനുകൂലമായി പരാമർശം നടത്തുകയായിരുന്നു. മതിയായ കാരണങ്ങളൊന്നും ഇല്ലാതെ ദീർഘകാലത്തേക്ക് പങ്കാളിക്ക് ശാരീരിക ബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണ് എന്നായിരുന്നു കോടതിയുടെ പരാമർശം. അതിനാൽ തന്നെ ഇരുവരും വിവാഹബന്ധം തുടരണം എന്ന് പറയാനാവില്ല എന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സുനീത് കുമാർ, രാജേന്ദ്രകുമാർ എന്നിവരുടേതാണ് പ്രസ്തുത ഉത്തരവ്.