കാൻബെറ : വിസാ ക്രമക്കേടുകള്‍ സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഏതാനും ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് രണ്ട് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികള്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.
പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യരുതെന്ന് വിക്ടോറിയയിലെ ദ ഫെഡറേഷൻ യൂണിവേഴ്സിറ്റി, ന്യൂസൗത്ത്‌വെയ്‌ല്‍സിലെ വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി എന്നിവ എജ്യുക്കേഷൻ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. ഒരു ഓസ്ട്രേലിയൻ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും മാസങ്ങള്‍ നിയന്ത്രണം തുടര്‍ന്നേക്കും. ഏപ്രിലിലും വ്യാജ അപേക്ഷകളുടെ പേരില്‍ ഏതാനും ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചില യൂണിവേഴ്സിറ്റികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പഠനത്തിന് പകരം രാജ്യത്ത് ജോലി സാദ്ധ്യതകള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗമായാണ് ഇത്തരം അപേക്ഷകര്‍ വിസയെ ഉപയോഗപ്പെടുത്തുന്നതെന്ന് യൂണിവേഴ്സിറ്റികള്‍ ചൂണ്ടിക്കാട്ടുന്നു.